Monday, January 9, 2012

കാകകോകിലം (കഥ).

ആരാണ് തനിക്കീ ഏകാന്തത സമ്മാനിച്ചത് ...'അര്‍ഹതയുള്ളവയേ അതിജീവിക്കൂ' എന്ന തത്വം മനസ്സിലാക്കാതെ ജീവിച്ചു തീര്‍ത്ത പൂര്‍വ്വികരോ ?...അതോ മറ്റു കുലദ്രോഹികളോ ?...ആകെ ചിന്തിച്ചു വിഷണ്ണയായിയിരിക്കുകയാണ്  പ്രക്കി കുയില്‍.സങ്കടം ഉള്ളില്‍ നില്‍ക്കാതെയായപ്പോള്‍ അവള്‍ അറിയാതൊന്നു മോങ്ങി..

                        " കൂ .....................ഊ .... " !

എന്തായാലും കോകിലവംശം മുടിഞ്ഞു. ഇനിയതില്‍ ഒരാളായി താന്‍ മാത്രം അവശേഷിക്കുന്നു.എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് ..പലവിധ ചിന്തകളാല്‍ പ്രക്കിക്ക് ആധി പിടിച്ചു.


നിത്യ വൈരികളാണെങ്കിലും സഹോദരങ്ങളായ കാക്കകള്‍ ഇപ്പോള്‍ സഹായഹസ്തം നീട്ടിയിട്ടുണ്ട് എന്നത് ചെറിയൊരു ആശ്വാസം .ഇനിയുള്ള കാലം അവരോടൊപ്പം ....ചിന്തകളുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ അവള്‍ ഒരു ദീര്‍ഘ നിശ്ശ്വാസം വിട്ടു ...

                                   " കൂ .....................ഊ .... " !

"എന്താ,ഇങ്ങനെ തനിച്ച്ചിരിക്കുന്നത് ?...ഒറ്റക്കിരുന്നാല്‍ പലവിധ ചിന്തകളാല്‍ മനസ്സ് മുഷിയും ..ഞങ്ങളോടൊപ്പം വന്നു വല്ല കൊച്ചു വര്‍ത്തമാനവും പറഞ്ഞുകൂടെ ..? "

മൂപ്പന്‍ കാക്കയാണ് .കൂട്ടത്തില്‍ സ്നേഹത്തിന്റെ നിറകുടമാണ് മൂപ്പന്‍ കാക്ക .തന്നോട് ഇത്ര സ്നേഹം കാണിക്കുന്നത് മറ്റു കാക്കകള്‍ക്ക് തീരെ സഹിക്കുന്നില്ല .പക്ഷെ നേതാവായ മൂപ്പന്‍ ഒരു വാക്ക് പറഞ്ഞാല്‍ എതിര്‍ത്ത് ഒരു വാക്കും ആരും ഉരിയാടില്ല...അത്രതന്നെ..!

"ഇവരെയൊക്കെ പരിചയപ്പെട്ടോ ?..ഇത് കൊച്ചു കാക്ക ,ഇത് കുഞ്ഞി ,മപ്പു കാക്ക ,ചോപ്പന്‍ കാക്ക ..."

ഓരോരുത്തരെയായി മൂപ്പന്‍ പരിചയപ്പെടുത്തി .

"ഇനി ഞങ്ങളോടൊപ്പം കൂടൂ ...നമുക്കങ്ങ് അടിച്ചു പൊളിക്കാം . "

മപ്പു കാക്കയാണ് .മാത്രമല്ല മറ്റെല്ലാവരും ചിരിച്ചുകൊണ്ട് സ്വാഗതമോതുന്നും ഉണ്ട്.ഇനി ഈ കാണുന്നത് സത്യമായിരിക്കുമോ ? ഇവര്‍ക്കെല്ലാം എന്നോടിപ്പോള്‍ സ്നേഹം തോന്നിത്തുടങ്ങിയോ ? സന്തോഷത്താല്‍ പ്രക്കി ഉച്ചത്തില്‍ ഒന്നു കൂവി.

                                    " കൂ .....................ഊ .... " !

കൂകല്‍ കേട്ടതോടെ കാക്കകളുടെയെല്ലാം ചിരി ഒരു നിമിഷത്തേക്ക് ഒന്നു മങ്ങി.പക്ഷേ പെട്ടെന്ന് തന്നെ അവരെല്ലാം വീണ്ടും ചിരിച്ചു നിന്നു.


കാക്കളുടെ സഭ.അവിടെയിപ്പോള്‍ പ്രക്കിയില്ല.


"അതേ ....അവളെയിങ്ങനെ വിട്ടാല്‍ പറ്റില്ല ..അവളുടെ ഒരു കു ..(കൂകാന്‍ ശ്രമിക്കുന്നു.,പക്ഷേ സാധിക്കുന്നില്ല..)
.ഹും .....കാക്കകളുടെ ഇടയില്‍....അവളാണ് നല്ല കാക്ക ന്നു കരുതും ഇനിയെല്ലാവരും ...നമുക്കൊന്നും ഒരു സ്ഥാനവുമുണ്ടാകില്ല .

ദേഷ്യത്താല്‍ പുളയുകയാണ് കൊച്ചുകാക്ക .

"കാ....കാ...കാ......കാ....കാ....കാ..  "

"പേടിക്കെണ്ടടോ ,..നമുക്ക് വഴിയുണ്ടാക്കാം . അവളൊരു പാവമാ ...ചിലതെല്ലാം പറഞ്ഞാല്‍ അപ്പടി വിശ്വസിക്കും .ഞാനൊരു വഴി കണ്ടിട്ടുണ്ട്. "

സൂത്രന്‍ കാക്ക മറ്റെല്ലാവരെയും ആശ്വസിപ്പിച്ചു.എന്നിട്ട് തലയാട്ടിക്കൊണ്ട്  ചിരിച്ച് ...

" കാ....................ക ..........കാ .....................ക " !!

ഈ സമയം കാട്ടിലും മേട്ടിലും പറന്നു നടക്കുകയാണ് പ്രക്കി കുയില്‍ .തന്റെ ആലാപന മികവില്‍ അവള്‍ക്കെന്തോ ഒരു അഹങ്കാരം തോന്നി.അവള്‍ അതിമനോഹരമായി ശ്രുതിയിട്ട് ഒന്നു പാടി.


"കൂ ....ഊ.........ഊ.. " !!


ഇത് കണ്ടിട്ടെന്നവണ്ണം മരത്തിനു താഴെ നില്‍ക്കുകയായിരുന്ന ഞാലിപ്പൂവന്‍ കോഴി ,എന്തൊക്കെയോ കൊള്ളിച്ചു പറയുന്നപോലെ ...

"കൊ ... കൊ .....കൊ ..കൊ ..കൊക്കക്കോ ... കോ .. "

'ഇവന്‍ പരിഹസിക്കുകയാണോ ..? എത്ര നന്നായി പാടിയിട്ടെന്താ ..കേള്‍ക്കാന്‍ വേറെ കുയിലില്ലല്ലോ ..കൂവിക്കോ ..കൂവിക്കോ .. എന്ന് പറയുകയാണോ ..? '

കോഴികളുടെ ഭാഷ അത്ര വശമില്ലാത്തതിനാല്‍ ഒന്നും പറയാനും പറ്റില്ല. പക്ഷേ.............

അവസ്ഥയെകുറിച്ചോര്‍ത്ത്  പ്രക്കിയുടെ കണ്ണ് നിറഞ്ഞു .അവള്‍ പറന്നു ചെന്ന് കാക്കക്കൂട്ടങ്ങളുടെ  അടുത്ത് തന്നെയെത്തി.

"ഹായ് ....വന്നല്ലോ നമ്മുടെ രാജകുമാരി .." ക ക ക "

സൂത്രന്‍ കാക്ക അതിമനോഹര പഞ്ചാര വാക്കുകളാല്‍  പ്രക്കിയെ എതിരേറ്റു .

പലരുമായും അങ്ങനെ കൊച്ച്ച്ചുവര്ത്തമാനങ്ങള്‍ പറഞ്ഞപ്പോള്‍ പ്രക്കിയുടെ ഉള്ളില്‍ അല്‍പ്പം സന്തോഷം തോന്നി.അവളൊന്നു കൂകി..

"കൂ..........ഊ ...  " !!

"ഞാന്‍ പലപ്പോഴും ചോദിക്കണമെന്ന് കരുതീതാ ..തനിക്കു കുറച്ചിലാകുന്നില്ലേ ഇങ്ങനെ കൂവാന്‍ ? "
സൂത്രന്‍ കാക്കയാണ്.
"ഞാന്‍ എന്തിനു ലജ്ജിക്കണം ..? എനിക്കെന്റെ അമ്മയും അച്ഛനും മുത്തച്ഛനുമെല്ലാം പഠിപ്പിച്ചുതന്നതാണിത്.അഭിമാനിക്കുകയല്ലേ വേണ്ടത് ? "
പ്രക്കി അല്‍പ്പം അഹങ്കാരത്തോടെ തലയുയര്‍ത്തി ചോദിച്ചു..

"ഹും ......കഷ്ടം ........അവിടെയാണ് നിങ്ങള്‍ക്കെല്ലാം തെറ്റുപറ്റിയത് ."
ഒരു ബുദ്ധിജീവിക്കാക്കയുടെ  ഭാവത്തില്‍ സൂത്രന്‍ കാക്ക പറഞ്ഞുതുടങ്ങി .

"ശ്രദ്ധിച്ചു നോക്കൂ ..ആ കൂവലില്‍ ഉള്ളത് കാപട്യത്തിന്‍റെ ശബ്ദമാണ്.......അല്ലേ ..?ഏത് ശബ്ദവും നമ്മുടെ ഉള്ളില്‍ നിന്ന് അതായത് ഹൃദയത്തില്‍ നിന്നും വരുമ്പോഴാണ് അത് സത്യസന്ധമാകുന്നത് ....ശരിയല്ലേ ...?  "

"ആ......അത് ശരിയാ "

പ്രക്കി സമ്മതഭാവേന തലയാട്ടിക്കൊണ്ട് പറഞ്ഞു.

"ഈണവും താളവുമെല്ലാം ശ്രദ്ധിച്ചു പാട്ടുപാടുമ്പോള്‍  അതിലൊരു ആത്മാര്‍ഥതക്കുറവ്  ഇല്ലേ ...?"

സൂത്രന്‍റെ  ചോദ്യത്തിന് പ്രക്കി ഒന്നും മറുപടി പറഞ്ഞില്ല.സൂത്രനും കൂട്ടരുമെല്ലാം പറയുന്നത് വളരെ ശരിയാണെന്ന് പ്രക്കിക്ക് തോന്നിത്തുടങ്ങി .തന്‍റെ പൂര്‍വികരെ കുറിച്ച് അവള്‍ക്കു ലജ്ജ തോന്നി.ആത്മാര്‍ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത വര്‍ഗ്ഗം.

"നിങ്ങളെപ്പോലെ കലര്‍പ്പ് കലരാത്ത ശബ്ദമുണ്ടാക്കാന്‍ എനിക്കറിയില്ലല്ലോ .....എങ്ങനെയാണത്..? "

പ്രക്കിയുടെ ചോദ്യം കേട്ട് സൂത്രന്‍റെയും  കൂട്ടരുടെയും ഉള്ളില്‍ സന്തോഷത്തിന്‍റെ  മാലപ്പടക്കങ്ങള്‍ പൊട്ടി.

"ശ്രമിക്കൂ ...ശ്രമിക്കൂ ....പിന്നെ ഞങ്ങളൊക്കെയില്ലേ ...പതിയെ പതിയെ നമുക്ക് ശരിയാക്കിയെടുക്കാം ...ആദ്യം ഈ രീതി മാറ്റണംന്ന്‌ ഒരു തോന്നല്‍ ഉള്ളിലുണ്ടായല്ലോ ...അത് തന്നെ വലിയ കാര്യം.".

സൂത്രന്‍ ഉപദേശം ഒട്ടും കുറച്ചില്ല .

അന്ന് മുതല്‍ പ്രക്കിയുടെ ഉള്ളില്‍ വല്ലാത്ത, എന്തിനെന്നറിയാത്ത  കുറ്റബോധം തോന്നിത്തുടങ്ങി .എങ്ങനെയെങ്കിലും കൂട്ടത്തിലുള്ള കാക്കകളെപ്പോലെ ആത്മാര്‍ഥതയുടെ ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയണം .അതിനു കഴിഞ്ഞില്ല എങ്കില്‍ ജീവിക്കുന്നതില്‍ എന്തര്‍ത്ഥം ....! ഇങ്ങനെ പോയി ചിന്തകള്‍ .

അങ്ങനെയൊരുദിവസം രാവിലെ ഇര തേടാന്‍ ഇറങ്ങുമ്പോഴാണ് കൊച്ചു കാക്കയുടെ വിളി.

"ഇര തേടാന്‍ നേരം നമുക്ക് നമ്മളെയൊന്നും കണ്ണില്‍ പിടിക്കില്ല ...അല്ലേ ? "

"യ്യോ...അതെന്താ അങ്ങനെ പറയുന്നത് .." പ്രക്കി സന്ദേഹഭാവത്തോടെ ചോദിച്ചു.

"ഒന്നുമില്ല ....ഞങ്ങളെയൊക്കെ കണ്ടില്ലേ ...കൂട്ടമായാണ് പോകുന്നത് .അപ്പോള്‍ നീ മാത്രം. ..? "

"ഇല്ല ...ഞാന്‍ അങ്ങനെ ആലോചിച്ചതേ ഇല്ല . ഞാനും നിങ്ങളുടെ കൂടെ വന്നോട്ടെ ..? "

"അതിനെന്താ ....സന്തോഷം ..സന്തോഷം .വന്നോളൂ ..പിന്നേ ..ഇന്ന് ഞങ്ങളാ പുഴയുടെ തീരത്തുള്ള ഒഴിഞ്ഞ പറമ്പിലേക്കാണ്  പോകുന്നത് .അവിടെയാകുമ്പോള്‍ വൈകുന്നേരം വരെ മറ്റെങ്ങും പോകണ്ട."

"അതെന്താ ? "

"എടോ ,അവിടെയല്ലേ മനുഷ്യന്മാര്‍ സ്ഥിരമായി വെളിക്കിരിക്കുന്നത് .അവയില്‍ എല്ലാമൊന്നും ദാഹിച്ച്ചു കാണില്ലാ .....നുള്ളിപ്പെറുക്കിയെടുത്താല്‍ സദ്യ തന്നെ.. "

"യ്യേ............................എന്താ നിങ്ങള്‍ പറയുന്നത് ..??

മനുഷ്യ മലം .....  ????  "

"ആ...................എന്തേ .. ? "

പ്രക്കിയുടെ ഉള്ളില്‍ ആ ഒരു രംഗം അറിയാതെ വന്നു .അമേധ്യം കൊക്കുകൊണ്ട്‌ കൊത്തിപ്പരത്തുന്നു ..
യ്യേ......യ്യേ......യ്യേ.....

"...........ക്ക്രാ........................................................."

കണ്ണ് നിറഞ്ഞ് അന്ധാളിപ്പോടെ , ലജ്ജയോടെ , അറപ്പോടെ  അവള്‍ അറിയാതെ വിളിച്ചു പോയി .

"ഹായ് ..........ഇങ്ങനെ തന്നെ .ഇതാണ് ഉള്ളില്‍ നിന്ന് വരുന്ന ശബ്ദം.വരട്ടെ വരട്ടെ  വരട്ടങ്ങട്ട് !! "

സൂത്രന്‍ കാക്ക സന്തോഷത്തോടെ തുള്ളിച്ചാടി .മറ്റു കാക്കകള്‍ എല്ലാവരും ആ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു .

"കാ .....കാ .....കാ .....കാ ....കാ

കാ .....കാ .....കാ .....കാ ....കാ

കാ .....കാ .....കാ .....കാ ....കാ   "

അപ്പോള്‍ പ്രക്കി ഒരു പ്രതിമ കണക്കെ ,ശ്വാസം നിലച്ച് ......കണ്ണ് തുറിച്ച് നില്‍ക്കുകയായിരുന്നു.


=====================================OOOOOOOOO=========================================

8 comments:

  1. ലളിതമായ ആഖ്യാനം. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  2. കൂ ..ഊ ... കാ....കാ...
    സംസര്‍ഗമാണ് വ്യക്തികളെ സൃഷ്ടിക്കുന്നത്.

    നന്നായി, ഇഷ്ട്ടപ്പെട്ടു......

    ReplyDelete
  3. ഇനി ഒറ്റ കുത്തിനു കൊന്നെക്കണം

    ReplyDelete
  4. ഒറ്റപ്പെടുന്നവന്റെ അസ്തിത്വം ഇല്ലാതാകുന്നത് .........
    അല്ല ഇല്ലാതാക്കുന്നത് ഇങ്ങനെയൊക്കെയാണ്.
    നന്നായി പറഞ്ഞു.....

    ReplyDelete
  5. ആദ്യം വായിച്ചപ്പോള്‍ ഒരു കുട്ടികഥ പോലെ തോന്നി. (അത്തരം ശൈലിയിലാണ് എഴുത്ത്) എങ്കിലും കഥയുടെ മര്‍മ്മത്തില്‍ എത്തുവാന്‍ ആ ശൈലി വേണ്ടിവരുന്നു എന്ന് പിന്നെ മനസ്സിലായി.
    സ്വത്വം നഷ്ട്ടപെടുന്നതിന്റെ കഥ ഈ കാലഘട്ടത്തില്‍ പ്രസക്തി ഉള്ളതാണ് . അഭിനന്ദനങ്ങള്‍

    ReplyDelete
  6. വായിക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുകയും ചെയ്ത ഏവര്‍ക്കും നന്ദി !!

    ReplyDelete