Saturday, March 14, 2020

തളരാതെ മുന്നോട്ട് !

നീറുമിരുട്ടിൽ ഹൃദയ്യവ്വ്യഥയിൽ
വഴികാണാതെ പരുങ്ങും ,
കാലിൽ വഞ്ചന മുള്ളുകളായി
ആഞ്ഞു തറച്ചയുവാവേ !
ഹൃത്താപത്തിൽ തീയുണ്ടാക്കി
കൊളുത്തിടൂ തീപ്പന്തം ,
അതിന്റെ ജ്വാലയിൽ നറുവെട്ടത്തിൽ
മുന്നോട്ടാഞ്ഞു ഗമിക്കൂ !
വഞ്ചനയാം കടും മുള്ളിൻ വേദന
പുഞ്ചിരിതൂകിഹരിക്കാം ,
പുഞ്ചിരികണ്ടുഭയന്നു വിറക്കും
വഞ്ചക രാക്ഷസ വൃന്ദം !
തളർന്നിരുന്നാൽ പുലിയും കഴുകനും
എറുമ്പുമെല്ലാം തിന്നും ,
നിവർന്നു നിന്നാൽ മുന്നോട്ടാഞ്ഞാൽ
എത്തും പുതിയ പ്രഭാതം !
കാലം പോകും പോക്കിന്നൊപ്പം
ഇറങ്ങിയോടൂ മർത്ത്യാ
അടർക്കളത്തിൽ പിടിച്ചുനിന്നാൽ,
വിജയം നിശ്ചിതമല്ലോ !
നിവർന്നു നിന്നാൽ മുന്നോട്ടാഞ്ഞാൽ
എത്തും പുതിയ പ്രഭാതം !

Friday, July 3, 2015

എഴുതുവാന്‍ അറിയാത്തവര്‍ വായിക്കുന്നത് !



വിശക്കുന്നവന്‍റെ കണ്ണിലൂടെ


ദാഹിക്കുന്നവന്‍റെ കണ്ഠത്തിലൂടെ

വേദനിക്കുന്നവന്‍റെ ശബ്ദത്തിലൂടെ

പ്രേമിക്കുന്നവന്‍റെ നെഞ്ചിലൂടെ

കള്ളന്‍റെ നോട്ടത്തിലൂടെ

കോപിഷ്ഠന്‍റെ പല്ല്കടികളിലൂടെ

അഹങ്കാരിയുടെ ഭാവഹാവാദികളിലൂടെ

വിഡ്ഢിയുടെ പൊങ്ങച്ചങ്ങളിലൂടെ

നിഷ്കളങ്കന്‍റെ ദേഷ്യത്തിലൂടെ

അങ്ങനെയങ്ങനെയങ്ങനെ ........
അങ്ങനെയങ്ങനെയങ്ങനെ...........

അനേകമനേകം ഫ്ലാഷ് ന്യൂസുകള്‍ ...!

********

Wednesday, March 18, 2015

ഒടുക്കം ഒരു പൊഹ







പുക മേല്‍പ്പോട്ട്‌ പോകുന്നു ;


ഞാന്‍ താഴോട്ടു വലിക്കുന്നു ;


മരണം വന്നൊത്തീര്‍പ്പാക്കുന്നു ;


'ഞങ്ങള്‍ ' മേല്‍പ്പോട്ട്‌ പോകുന്നു .

Sunday, January 4, 2015

Monday, October 28, 2013

വര്‍ണ്ണ വിവേചനം



നേരം  പര പരാന്നു വെളുത്തു
നേരത്തിന്മേല്‍ ഒരു സവര്‍ണ്ണ മേധാവിത്വം !!
ഹ്ഹും ...
അംഗീകരിക്കില്ല ഞാന്‍ !

പുതപ്പുകൊണ്ട്‌ മൂടി ഒന്നുകൂടെ കമിഴ്ന്നു കിടന്നു ഉറങ്ങി..
ങ്ങുര്ര്ര്ര്ര്ര്ര്ര്‍.........
പ്രതിഷേധ കാഹളം .. !!

*************************




                                                                                                      [Picture courtesy to Internet !] 

Sunday, August 25, 2013

(#) ആവേശ രാമന്മാര്‍ (#)



വടക്ക് നിന്നും പടിഞ്ഞാറ് നിന്നും 

ഏതോ അയല്‍ /ദരിദ്ര വാസികള്‍ 
കല്ലെറിയുന്നു ,
വേലി പൊളിക്കുന്നു ,
വെല്ലു വിളിക്കുന്നു ;



കിഴക്കേ കണ്ടത്തിലെ കൃഷി 
ആനക്കും പന്നിക്കും മാത്രമായ്
ആനന്ദം നല്‍കുന്നു ;



മണിക്കൂറുകള്‍ ഇടവിട്ട് , കടക്കാര്‍ 
മണി കൊട്ടി പേടിപ്പിക്കുന്നു ;



അപ്പോള്‍ ,



അപ്പോള്‍ ... അപ്പോള്‍ ...അപ്പോള്‍ ...

പുതിയ കുപ്പായം വാങ്ങിത്തന്നില്ലെങ്കില്‍ 
വീടിനു തീവെക്കും എന്ന മട്ടില്‍ 
തലയടിച്ചു നിലവിളിക്കുന്ന 
ചില 
മക്കള്‍.,.

[Picture courtesy to Google !] 

Friday, August 23, 2013

~`~`~`~ഒഴുകുന്നവര്‍ `~`~`~`~`





കാടൊഴുകി മാടൊഴുകി
മുത്തൊഴുകിയെത്താം
നാട്ടാരു മൊത്തം നീന്തിത്തുടിക്കാം.


അഴകാണ് ഹരമാണ് പുണ്യമീ പുഴയെന്നു
മാലോകരൊന്നായ്‌ കീര്‍ത്തനം ചൊല്ലാം .



ആകെക്കവിഞൊഴുകി ഉന്മാദിയാവാം .



എങ്കിലോ,യാര്‍ക്കും വരാം പഞ്ഞ കാലം ,!
ആകെ ക്ഷയിച്ചിടാം വറ്റി വരണ്ടിടാം !


നീന്തിത്തിമിര്‍ക്കുവാന്‍ കുട്ടികളെത്താത്ത
ചൂണ്ടയില്‍ ഭാഗ്യത്തപസ്സികള്‍ ഇല്ലാത്ത
ആര്‍ക്കുമേ വേണ്ടാത്തൊ,രാറായി മാറിടാം .



എങ്കിലു,മാവലായീ പുഴക്കിപ്പോഴും
താന്‍ തന്നെ താനായി ഒഴുകിയകലുവാന്‍
ആരെങ്കിലും വന്നു കൊന്നു കിട്ടിയാല്‍ ചാവാം !!


`~`~`~`~`~`~`~`~`~`~`~`~`~`~`~`~`



[Picture courtesy to Google !] 

Saturday, August 17, 2013

മണല്‍ മാലകള്‍ .



ഹോ ..ഞാന്‍ ഒരു മനുഷ്യന്‍..
ദാഹം മാറുന്നില്ല...
ഊറ്റിയെടുത്ത് കുടിച്ചു .
ദാഹം മാറണ്ടേ...?


സംസാരം മാത്രം സത്യം.
ഭൂതം ഒരു തോന്നല്‍ ,
ഭാവി ഒരു സങ്കല്പം.


ഹോ ..ഞാന്‍ ഒരു മനുഷ്യന്‍..


ദാഹം തീര്‍ന്നപ്പോള്‍ (?)
ആര്‍ത്തി നിര്‍ത്തിയപ്പോള്‍...
കടല്‍ പോലും തീര്‍ന്നു........


ചീറി,ചുഴറ്റിയടിക്കുന്നത് ചുടു കാറ്റ് ...
തിരമാലകളെ ഭൂതം കൊണ്ടു പോയി..
ഇപ്പോള്‍ മണല്‍ മാലകള്‍ മാത്രം.


അതേ...
ഭാവി ഒരു സങ്കല്പം...


സങ്കല്പം....



സങ്കല്പം..



സ ....



ങ്ക...



ല്‍പ്പം...



അം...



ഉം.



.


[Picture courtesy to Google !] 

Saturday, April 13, 2013

===കോമ്പലച്ചിരിദിനം===


ഓലപ്പടക്കങ്ങള്‍ പൊട്ടിച്ചു പൊട്ടിച്ചു
കുട്ടികള്‍ കേളികളാടിടുന്നൂ;

പുത്തന്‍ കണിക്കൊന്ന പൊന്‍വെയിലേറ്റിട്ടു
വെട്ടിത്തിളങ്ങിച്ചിരിച്ചിടുന്നൂ;

കര്‍ഷക മര്‍ത്ത്യനു കൈനീട്ടമായിട്ടു
വെള്ളരി ചാരേയണഞിടുന്നൂ;

നല്ലോരിടിച്ചക്ക തോരനായ് വെക്കുവാന്‍
തേന്‍പ്ലാവു സമ്മാന മേകിടുന്നൂ;

മേടമാസത്തിലെ കുട്ടപ്പനായfര്‍ക്കന്‍
അയനങ്ങള്‍ മാറി നടന്നിടുന്നൂ;

നല്ല മാര്‍ഗത്തോട്ടു മാറി നടക്കുവാന്‍
ആളുകള്‍ ചിത്തേയൊരുങ്ങിടുന്നൂ;



കാലങ്ങള്‍ കോടീയുടുത്തിടുന്നൂ...
പുത്തന്‍ പുതു വര്‍ഷമായിടുന്നൂ.

കാലിച്ചെറുക്കന്റെ കോല്‍വിളി  കേള്‍ക്കുവാന്‍
രാധയായ് പൊന്‍വിഷുവെത്തിടുന്നൂ;
കൊന്നതന്‍ പൂ ചൂടി,സുന്ദരിക്കുട്ടിയായ്
അനുരാഗ ചിത്തയായ് നിന്നിടുന്നൂ;
ഗോപാലകൃഷ്ണന്റെ ലീലാ വിലാസങ്ങള്‍
ആണ്ടുതോറും,എന്നും കാണുവാനായ്.


പുത്തന്‍ ശുഭാപ്തിയില്‍ ഭൂലോക വൈകുണ്ഡ-
നാഥനെ പൊന്‍കണി കണ്ടിടുന്നൂ;

ഹര്‍ഷാരവത്തിന്റെ മൂര്‍ദ്ധന്യമായിയാ
കോമ്പല പൊട്ടിച്ചിരിച്ചിടുന്നൂ;

പൂത്തിരി പൂവായ് ജ്വലി
ച്ചിടുന്നൂ....
പൂക്കുറ്റി ചിത്തം തുറന്നിടുന്നൂ.

മുത്തശ്ശി,മുത്തശ്ശന്‍മാരവര്‍,കാരണോര്‍
കൈനീട്ടമായി കുരുത്തമേകീ....
ആനന്ദ ബാഷ്പനായ്‌,പ്രാര്‍ത്ഥിച്ചുപോയി ഞാന്‍
എന്നും വിഷുദിനമായിടേണേ. !!









Friday, January 4, 2013

നന്നാവാന്‍ ഉള്ള യാത്ര !




ലോകത്തിന്‍റെ പടിഞ്ഞാറേ അറ്റം കിഴക്ക് ഭാഗത്താണ് ;
.
.
.
ലോകത്തിന്‍റെ കിഴക്കേ അറ്റം പടിഞ്ഞാറ് ഭാഗത്തും .
.
.
.

ഉത്തരത്തിലേക്കും ദക്ഷിണത്തിലേക്കുമുള്ള യാത്രകള്‍
ആരോ, ധ്രുവങ്ങളില്‍  തടഞ്ഞിട്ടു .അല്ലെങ്കില്‍ അതും ? !

.
.


ഇങ്ങനെ ഇരിക്കുമ്പോള്‍ ആരോ ചോദിച്ചു
.
.

"നന്നായിക്കൂടെടോ ? "
.
.
.


ഞാന്‍ എങ്ങനെ ചിരിക്കാതിരിക്കും ? !!!

Friday, December 28, 2012

ചരിത്രം കത്തിക്കുക ..!!


കഴിഞ്ഞ കാലമേ പൊഴിഞ്ഞ നേരമേ 

അകന്നു പോക നീ എരിഞ്ഞടങ്ങു നീ 
ഒളിച്ചിടായകയെന്‍ ഇരുണ്ടൊരോര്‍മ്മയില്‍ 
ഒരു ചരിത്രമായ്‌ , പകയായി , നന്ദിയായ്‌ .

പുരോഗമിക്കവേ തിരിഞ്ഞു നോക്കിയാല്‍ 
അധ:പതിച്ചിടാം പധോം ,പധോം ,പധോം !! 
ചരിത്രമെന്തിനാ ചൊറിഞ്ഞിരിക്കുവാന്‍ ?!
കണ്ണുകാണുമോ പുകയും, പകകളില്‍ ..?!

ആവില്ല കൂട്ടരേ തിരിഞ്ഞു പോകുവാന്‍ ,
പിന്നെയെന്തിനു തിരിഞ്ഞു നോക്കണം ?
പഠിക്കുവാന്‍ പാഠം പുതിയതുണ്ടിനി 
പഴയ പാഠങ്ങള്‍ ,പണ്ടേ കഴിഞ്ഞവ .

കഴിഞ്ഞ യാത്രയില്‍ ലഭിച്ച 'സാരങ്ങ'-
ളലിഞ്ഞ രക്തമേ നയിക്ക ചേതന .
നവപ്പ്രകാശമേ തെളിക്ക നല് വഴി ,
ജയിക്ക മാനവായടര്‍ക്കളത്തില്‍ നീ .

കഴിഞ്ഞ കാലമേ പൊഴിഞ്ഞ നേരമേ 
അകന്നു പോക നീ എരിഞ്ഞടങ്ങു നീ 
ഒളിച്ചിടായകയെന്‍ ഇരുണ്ടൊരോര്‍മ്മയില്‍ 
ഒരു ചരിത്രമായ്‌ , പകയായി , നന്ദിയായ്‌ .

കഴിഞ്ഞ യാത്രയില്‍ ലഭിച്ച 'സാരങ്ങ'-
ളലിഞ്ഞ രക്തമേ നയിക്ക ചേതന .
നവപ്പ്രകാശമേ തെളിക്ക നല് വഴി ,
ജയിക്ക മാനവായടര്‍ക്കളത്തില്‍ നീ .

പുരോഗമിക്കവേ തിരിഞ്ഞു നോക്കിയാല്‍ 
അധ:പതിച്ചിടാം പധോം ,പധോം ,പധോം !! 

Wednesday, December 26, 2012

സത്യാഭാസം അഥവാ ദഹിക്കാത്ത സത്യം !


ദഹിച്ചാല്‍ ചാവുന്ന സത്യം . 
====================

ഡിസംബറും ജനുവരിയുമില്ലാത്താകാശ താരകങ്ങളെ 
നിങ്ങള്‍ക്കെന്‍ പുതുവത്സരാശംസകള്‍ !


ഉദയാസ്തമനങ്ങളില്ലാത്തൊരര്‍ക്കനെന്‍ 
ശുഭോദയ, ശുഭദിനാശംസകള്‍ !


ആദിയും അന്തവുമില്ലാതെല്ലാംമായെയെന്നുദ്ഘോഷിച്ചവര്‍ക്കും
ജയന്തി ആശംസകള്‍ ! 



മിഥ്യയാമുദയാസ്തമനങ്ങള്‍ എനിക്കും മിഥ്യയായാല്‍ 
പിന്നെനെനിക്കുമെന്നുടെ യൊടുക്കത്തെയാദരാന്ജലി ! 


ഓ...... ഇനി ഞാനും മിഥ്യയായിരിക്കും ...
എങ്കില്‍ ഞാന്‍ വാങ്ങിയ കടവും മിഥ്യ !! 



ഹേ ... മായാവാദികളേ ......

ഞാനും നിങ്ങളും മായ തന്നെ (ആയിരിക്കാം) ... പക്ഷെ ...
ഞാനും നിങ്ങളും മായയാകുന്നത് വരെ 
ഞാനും നിങ്ങളും മായയല്ല .. ഒന്നും മായയല്ല . 



ജീവിതപ്പെരുമഴയില്‍ നനഞ്ഞു കുളിച്ചു കുളിരുന്നവന് 
തത്വ വാദങ്ങളുടെ ഓട്ടക്കുട സമ്മാനിച്ചു ,
മാറി നിന്ന് ചിരിക്കല്ലേ .... പണ്ടാരങ്ങളെ .

Sunday, October 21, 2012

ശൂന്യതാ വിഭ്രമം !!






ഒന്നുമില്ലെന്നറിഞ്ഞാലും 
എല്ലാമൊന്നെന്നറിഞ്ഞാലും
അങ്ങനെക്കരുതി ജീവിതം 
നടക്കില്ലാള്ക്കൂ ട്ടങ്ങളില്‍ 

വിഷാദം ഭാരമായ്‌ വന്നാല്‍ 
തോന്നിടാം താഴെ വെക്കുവാ-
നന്നേരം 'ഒന്നുമി'ല്ലെങ്കില്‍ 
പിന്നെവിടെ കൊണ്ടു വെച്ചിടും ?!

ഹര്‍ഷ ദു:ഖങ്ങളില്ലാതെ 
ജീവിക്കാനുപദേശമോ ?
എങ്കില്‍ ഞാനൊന്നു ചോദിക്കാം 
എന്തിനങ്ങനെ ജീവിതം ? !

ഇല്ലാത്തെനിക്ക് കൂട്ടായി -
ട്ടില്ലാത്തോരി,ല്ലായ്മയാം ഉണ്മ,
യങ്ങു ണ്ടാക്കി വിളയാടിടാം.!

കണ്ണടച്ചാല്‍ കാണുന്നാ 
വെട്ടവും വെട്ടമല്ലയോ..? !!!

ഒടുക്കമങ്ങെടുക്കും നേരം 
വീണ്ടും ചൊല്ലിടാം നാസ്തി ;
അതുവരെ പിടിച്ചു നില്‍ക്കുവാന്‍ 
നാസ്തിയില്‍ , അസ്ഥി കുത്തിടാം !!!

Wednesday, September 19, 2012

~~~വേഗം....>>>









സാവധാനം......ആസ്വദിച്ച്ച്.....
മതിവരുവോളംകാഴ്ചകള്‍ കണ്ട്..
ഇളം കാറ്റിന്റെ കുളിരുള്‍ക്കൊണ്ട്,
സംഗീതം നുകര്‍ന്ന് ......


ഒരു യാത്ര ;



വേഗം പോയാല്‍ വേഗമെത്താം..



ഇടംവലം നോക്കാതെ...
ചീറി......
ആക്രാമിക വന്യതയില്‍
ഭ്രാന്തമായി ആസ്വദിച്ച്ച് ....
ഒരു.. ഭീകര യാത്ര ;



ഒരിക്കല്‍ മാത്രം പോകാന്‍ പറ്റുന്ന വഴിയില്‍ ....
എപ്പോള്‍ വേണമെങ്കിലും മുഴങ്ങാവുന്ന
ഒരു മണിനാദം കേള്‍ക്കുന്നത് വരെ,
അതുമാത്രം ലക്ഷ്യമാകുന്ന യാത്രയില്‍.......

വേഗത്തില്‍ പോണോ ..??
അതോ..?
സാവധാനത്തില്‍ പോണോ ?

Tuesday, September 18, 2012

കാറുള്ളവര്‍






മോട്ടോര്‍കാറേറിയല്പ്പന്മാര്‍
റോഡില്‍ പറ പറക്കുന്നു ;
മഴക്കാറു നോക്കി 'നടക്കുന്നോര്‍ '
മാനത്തേക്കു പറക്കുന്നു !!


Monday, September 17, 2012

= കാരണങ്ങള്‍ =












വേണമൊരു കാരണം,

കാര്യങ്ങള്‍ മിണ്ടുവാന്‍ ;

തമ്മില്‍ ചിരിക്കുവാന്‍ ;

അങ്ങോട്ട്‌ പോകുവാന്‍ ;

ഇങ്ങോട്ട് പോകുവാന്‍ ;

എന്തിനും ഏതിനും !!



കാരണമില്ലാതെ ചിരിക്കുന്നവന്‍  ഭ്രാന്തന്‍ !


കാരണമില്ലാതെ മിണ്ടുന്നവന് വിലയില്ല !


കാരണമില്ലാതെ വന്നു കയറുന്നവന്‍ തെണ്ടി ..!



കാരണം 'ഉണ്ടാക്കാനും' ഒരു കാരണം വേണം (ത്രേ)  !

വലിയ കാരണങ്ങള്‍ക്ക് ചെറിയ കാരണങ്ങള്‍ പെടക്കുന്നവനാണ് 'പുലി' (ത്രേ!) !!


എന്നാലും കാരണവരേ,ഒന്ന് ചോദിക്കട്ടെ ,

എന്താ ഈ കാരണത്തിന് കാരണം ..? !!!

Sunday, September 16, 2012

ഹെയില്‍ ഹിറ്റ്‌ലര്‍ [Heil Hitler]



പരാജിതന്‍റെ ..
ആത്മഹത്യ പോലും

മാന്യമായി വ്യാഖ്യാനിക്കപ്പെടുകയില്ല.!

തോറ്റുതുന്നംപാടി ..........
പേടിത്തൊണ്ടന്‍..........,.............. ,
ചങ്കുറപ്പില്ലാത്ത്തവന്‍ ...!!!

അവന്റെ, വേദനയുടെ പൊള്ളുന്ന വെയില്‍
അപകീര്‍ത്തിയുടെ പരിഹാസപടലങ്ങളില്‍
വിങ്ങിമൂടപ്പെടും .

എന്നാല്‍......

വിജയ കുത്തകാധിപനായി,
തോല്‍വി ഭയന്നൊരു പകല്‍ധീരന്‍
ശ്വാസം വലി നിര്‍ത്തിയാല്‍.......,.....

' നീറിച്ചാരമാകുമ്പോളും
സുഗന്ധം വമിക്കുന്ന ചന്ദനത്തിരി പോലെ ..!
വിജയസുഗന്ധമുള്ള (?!)
ഒടുക്കത്തെ കീഴടങ്ങല്‍ ' ..!!!!!

Friday, September 14, 2012

??==??ചോദ്യോത്തരം ??==??(ഒരു 'കോപ്പി പേസ്റ്റ്‌ പോയം ' !!)




ചോദ്യം :


"പഠിപ്പു തീര്‍ന്നാല്‍,  പള്ളിക്കൂടം 
വിട്ടുകഴിഞ്ഞെന്നാല്‍....,
പറയുക പറയുക പിന്നീടെന്തൊരു
പണിക്കു  പോകും നീ ? "


ഉത്തരം  :

"തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം" ..!!


(കടപ്പാട് : കവികള്‍ ..ശ്രീ : ചെമ്മനം ചാക്കോ ,ശ്രീ ഒളപ്പമണ്ണ )


  :))

Wednesday, September 5, 2012

ഗുരുത്വാകര്‍ഷണ സംവരണം !!






ആപ്പിള്‍ വീഴുന്നതും ,തേങ്ങ വീഴുന്നതും 
'ഗുരുത്വം' ആകര്‍ഷിക്കുന്നത് കൊണ്ട് .. ? !!


അപൂപ്പന്‍ താടിക്കും നീരാവിക്കും ഗുരുത്വം ഇല്ലേ..? 


അതോ..... ദുര്‍ബല വിഭാഗ സംവരണം ആണോ ..? 


ഗുരുത്വം ഇല്ലെങ്കില്‍ ആണോ ദുര്‍ബല വിഭാഗം ആകുന്നതു ..? 

ഗുരുത്വം ഇല്ലാത്ത ജന്മങ്ങള്‍ ...??? !


"ഏയ്‌..................,.......................ചുപ്‌ രഹോ ..

അങ്ങനെ പറയരുത്... വിഡ്ഢിത്തം ..!"


"അതെന്താ ..? "


"ജന്മനാ ജായതേ അപ്പൂപ്പന്‍ താടി ;

കര്‍മ്മണാ ജായതേ തേങ്ങാ .." !!