Thursday, August 18, 2011

നന്ദികെട്ടവന്‍


എന്നും ഉദിച്ചസ്തമിക്കുന്നതിന്

സൂര്യനോട് നന്ദി, 'പറയണം' ? !

ഈ നിമിഷങ്ങളില്‍ എന്നെ നിലനിര്‍ത്തുന്നതിന്

ശ്വാസവായുവിനോടു നന്ദി, 'പറയണം' ? !

ഞാന്‍ ചെയ്ത ജോലിക്ക് കൂലി തരുന്നതിനു

മുതലാളിയോട് നന്ദി, 'പറയണം' ? !

വഴി തെറ്റാതെ എത്തിക്കുന്നതിന്

സാരഥിയോട് നന്ദി 'പറയണം' ? !

എന്റെ വാക്കിനു നിങ്ങള്‍ മറുപടി പറയുമ്പോള്‍

നിങ്ങളോട് ഞാന്‍ നന്ദി, 'പറയണം' ? !



സത്യത്തില്‍ ഞാന്‍ മടുത്തിരിക്കുന്നു.........



ജീവിക്കുന്നതിന്‌ ഞാന്‍ എന്നോട്

ഇത് വരെ നന്ദി, 'പറഞ്ഞിട്ടില്ല'. !

അങ്ങനെ എനിക്ക്,ഞാനൊരു നന്ദി കെട്ടവനായി..!!




ആത്മാര്‍ത്ഥതയുടെ നന്ദി 'ബോധത്തെ' തിരസ്കരിച്ച്

ഔപചാരികതയുടെ ഒരു ഒടുക്കത്തെ നന്ദി 'പറച്ചില്‍'.



ഒരു ഹൃദയത്തുടിപ്പ് പോലും സമര്‍പ്പിക്കാതെ

യാന്ത്രികതയുടെ അച്ചില്‍വാര്‍ത്ത നന്ദി 'പറച്ചിലുകള്‍ '.............

കണ്ടുപിടിച്ചത്... ..ഏത്......നന്ദി 'കെട്ട' വനാണ്..??
??


Tuesday, June 21, 2011

മിഥ്യാ സ്വപ്നം

സങ്കല്‍പ്പ പര്‍വ്വതങ്ങള്‍ക്കപ്പുറം
പ്രതീക്ഷതന്‍ അരുണോദയം ;

അരുണ കിരണ മോഹമോടെ
വെമ്പിടും പ്രണയ കമലം ;

സ്വപ്നത്തില്‍ പെയ്യുന്ന മഴയ്ക്ക് ചൂടാന്‍
കമ്പിയൊടിഞ്ഞ കാലന്‍ കുട ;

ഉച്ച നിശ്ശ്വാസങ്ങളുടെ ആരോഹണാ-
വരോഹണങ്ങളില്‍ യാത്ര ചെയ്യാന്‍

പ്രാണഭയത്തീവണ്ടിയില്‍

ആത്മധൈര്യത്തിനു സംവരണച്ചീട്ട് ;

കാലചക്രത്തിന്റെ ആണിപോയി

കാലങ്ങളില്ലാതായി ;

'യമഹ' തെറിച്ചു വീണപ്പോള്‍

തലക്കോട്ട കെട്ടിയിരുന്നില്ല ,

ആശുപത്രിക്കിടക്കയില്‍

കാലനും കാലക്കേട്‌;

ആശയറ്റ പാനീയം

നാലുകാലില്‍ നൃത്തം ചവിട്ടി ;

നഗരത്തിന്റെ കോണുകളില്‍

ആകാശങ്ങള്‍ ഇടിഞ്ഞു;

കഞ്ചനില്‍ കുഞ്ചന്‍ വന്നൂ

കുഞ്ചുവിന്‍ നെഞ്ചകത്തും ;

തെക്കന്‍കാറ്റുവീശിയപ്പോള്‍

ശുഭാപ്തിക്കെട്ടിടം തകര്‍ന്നോ..?

ഇല്ലാ..

സങ്കല്‍പ്പ പര്‍വ്വതങ്ങള്‍ക്കപ്പുറം .....

....ശ്ശെ ....

ഒരു ഉറക്കം വെറുതേ പോയി..!!

Friday, June 17, 2011

മഴയോ മഴ ....


എന്റെ ചുറ്റുവട്ടങ്ങളില്‍ നിന്നും ഒരു മഴ .... :)


Wednesday, June 15, 2011

ഓര്‍മ്മപ്പൊക്കം .

പെയ്തൊഴിയുന്നില്ല...
പൊങ്ങിപ്പൊങ്ങി .....
മുങ്ങിയാണ്ടു പോകുന്നു.
നീന്താന്‍പോലും പറ്റുന്നില്ല..
ഒടുക്കം
കിനാവിന്റെ തോണിയില്‍ പിടിച്ചു കയറിയാണ്
ഞാന്‍ രക്ഷപ്പെട്ടത്.

Tuesday, June 14, 2011

അപ്രിയ സത്യം.

താന്‍ പറയുന്നത് കള്ളമാണെന്ന്
എനിക്ക് ബോധ്യമുണ്ടെന്ന് തനിക്കും;
എനിക്കുമനസ്സിലാകുമെന്ന് തനിക്ക-
റിയാമെന്നു എനിക്കും;
ബോദ്ധ്യമുള്ളപ്പോള്‍ ..
നാം സത്യത്തെ, സത്യത്തില്‍
എന്തിനാണ് ഭയക്കുന്നത് ?!!

Saturday, June 4, 2011

)))))))))) വിഡ്ഢി (((((((((((

കല്ലുരുട്ടിക്കയറ്റിയാ കുന്നിന്റെ
മോളില്‍നിന്നങ്ങു താഴോട്ടുരുട്ടീട്ടു
പൊട്ടിയാര്‍ത്തു ചിരിച്ചവനൊരു വിഡ്ഢി .

അന്തിയോളം കോരി നിറച്ചൊരു
വമ്പന്‍ കുടമതു തട്ടിയുടച്ചിട്ടു
അന്തമില്ലാതെ നോക്കുന്നവന്‍ വിഡ്ഢി .

മഞ്ഞുകട്ടക്കു വര്‍ണ്ണം കൊടുക്കുവാന്‍
കയ്യിലെപ്പണം വാരിക്കൊടുത്തിട്ടു
ചായക്കൂട്ടുകള്‍ വാങ്ങുന്നവന്‍ വിഡ്ഢി .

പത്തു കൊടുത്തിട്ടു നൂറതു വാങ്ങുവാന്‍
ചിട്ടിയില്‍ക്കേറി ഗോപിക്കുറി തൊട്ട്,
ചിട്ടീ മുതലാളി മുങ്ങുന്ന നേരത്ത്
കുന്തിച്ചിരുന്നങ്ങു മോങ്ങുന്നവന്‍ വിഡ്ഢി.

പല്ലിളിച്ചന്നു കാട്ടിയ പെണ്ണിനെ
ബുദ്ധിപൂര്‍വ്വം വളച്ചു തിരിച്ചിട്ടു
പ്രാന്തിയെക്കെട്ടി പൊല്ലാപ്പെടുത്തൊരു
കാമുകന്‍ നല്ല സുന്ദരനാം വിഡ്ഢി.

ഗുരുവിന്‍ പരിഹാസ ഹാസം സഹിക്കാതെ
ശുണ്ഡിയെടുത്തന്നേഴാം തരം നിര്ത്തിയിന്നെ-
ഴുപതിന്‍ ചാക്കെടുക്കുന്നവന്‍ വിഡ്ഢി.

ഒന്നുമില്ലാതെ വന്നു കയറീട്ടു
ആധിവ്യാധികളായിയൊടുങാത്ത
മത്സരത്തോടെ ജീവിച്ചു തീര്‍ത്തിട്ടു
ഒന്നുമില്ലാതെ ചത്തു പോകുന്ന നാം
വിഡ്ഢിയല്ലാ 'വെറും' വിഡ്ഢിയല്ലാ..!!!!

?=? ചിരി ആരോഗ്യത്തിനു ഹാനികരം.?=?



.
.

ചിരിയായ് ചിരിക്കരുതെന്‍ മകനേ

ചിരിയെഴും മനമവര്‍ മുതലെടുക്കും.

ചിരികളില്‍ നമ്പരുതെന്‍ മകനേ

അന്പിലവര്‍ പാഷാണമമ്പയക്കും.

ചിരിയെ ചുരുക്കി മനസ്സിലാക്കാം

ചിരിയത്രയാരോഗ്യ ഹേതുവല്ല .

=================*==================


മൃഗം [വാലില്ലാത്തത് ].


ഇര, ഭയന്ന് വിറക്കുംപോഴും..........
ചോര ചീറ്റിത്തെറിക്കുമ്പോഴും ...........
കണ്ണീരില്‍ പിടഞ്ഞു കരയുമ്പോഴും ..........
നെഞ്ചിടിപ്പില്‍ പതറാതെ,
മസ്തിഷ്കത്തില്‍ സുഖമറിയുന്നവന്‍.
കൈ രണ്ടു പോയാലും,തല തന്നെ പോയാലും
വേദനിക്കാത്ത്തവന്‍.
വേദനയില്‍ സുഖിക്കുന്നവന്‍.

!!??!! വിധി വൈപരീത്യം !!??!!

തര്‍ക്കം,തര്‍ക്കം

ഗംഭീര തര്‍ക്കം.

കവിതയുടെ ഉടമ

കവിയോ ഭാഷയോ ?

വ്യവഹാര മണ്ഡപത്തില്‍

ന്യായാധിപ പ്രഭുക്കള്‍

നിന്ന് വിയര്‍ത്തു.

കവിയെ തഴഞ്ഞാല്‍

ഇനി കവിതകള്‍ കേട്ടില്ലെങ്കിലോ ?

ഭാഷയെ തഴഞ്ഞാല്‍

ശബ്ദം നിലച്ചെങ്കിലോ ?

തര്‍ക്കം,ഗംഭീര തര്‍ക്കം..!

തീര്‍പ്പ് കല്‍പ്പനകള്‍

നാളെ നാളെ,നീളെ നീളെയായി.

ഒടുക്കം ഓടിയൊളിക്കാന്‍

ഇടമില്ലാതായപ്പോള്‍

വിധി തീര്‍പ്പ്‌ വന്നു.

'ക' കവികള്‍ക്കും

'വിത' ഭാഷക്കും.

അന്ന് മുതലാണത്രേ

ഭാഷയില്‍ 'വിതച്ച്'

കവികള്‍

'ക' ഉണ്ടാക്കിത്തുടങ്ങിയത് !!!

.........സ്വതന്ത്ര........


ഇന്നലെകളില്‍
നീ കണ്ടതൊന്നും
ലോകമല്ലെന്നറിയുക

സ്വാതന്ത്ര്യത്തിന്റെ
അനന്തതയില്‍
പാറിക്കളിക്കുക.

രാത്രികളില്‍ ഒറ്റക്ക്
ഉരുചുറ്റാനിറങ്ങുക.
മധുശാലകളില്‍ ചെന്ന്
ആനന്ദ നൃത്തമാടുക.

നിന്റെ സ്വാതന്ത്ര്യത്തിനു
ചേലകളുടെ ഭാരം
തടസ്സമായേക്കാം.
അനുവദിക്കരുത്..


നിന്റെ നിശായാത്രയില്‍
നിനക്ക് കാണാം..
എന്താണ് ലോകമെന്ന്.

നിന്റെ കുതൂഹലങ്ങളുടെ
തടവുകാരിയാവരുത് നീ..

ചില കുതുകികളുടെ
വിഹ്വലതകളും
അപ്പോള്‍ തീര്‍ന്നേക്കാം.

സഹകരണത്തിലൂന്നിയ
ഒരു സ്വാതന്ത്ര്യ സമരം.!!

ആഹാ..

എന്തൊരു സുന്ദര ലോകം.!!!!

0===0====0====0=====0