Tuesday, December 20, 2011

ചിന്താഭാരം.!!

>


>


ഉറക്കം വരാതുള്ള രാത്രിയിലിന്നു ഞാന്‍

കുത്തിക്കുറിക്കുന്നു ഭ്രാന്തന്‍ മനസ്സുകള്‍ .



ഇനിയെന്തു ചെയ്യണം ,എങ്ങോട്ട് പോകണം

എങ്ങനെ ,ഇനിയുള്ള കാലം കഴിച്ചിടും.?!

ഇതുവരെ പോന്നതു പോലങ്ങു പോയിടും

ആരോ മൊഴിയുന്നു ? സംശയം തോന്നുന്നു.!




രണ്ടായിരത്തിപ്പതിനോന്നു തീരുവാന്‍

ആഴ്ചകള്‍ ,നാളുകള്‍ എണ്ണുന്ന നേരമായ് .


തീരുമോ ...? !! എന്നൊരു സംശയം തോന്നുന്നു..!!



മുക്കാലു ഭാഗവും മണ്ണുമാന്തിത്തീര്‍ന്ന

കുന്നുകള്‍ നാളെയൊലിച്ചിറങ്ങീടുമോ ?

അണുബോംബു പൊട്ടുമോ ,ഡാമുകള്‍ പൊട്ടുമോ

മാനുഷര്‍ താന്‍ താനേ വെട്ടീ മരിക്കുമോ ?



ബ്രാണ്ടീ കുടിക്കണോ ,വിസ്കീ കുടിക്കണോ

എന്നതില്‍ തര്‍ക്കങ്ങളുണ്ടെന്നു കേള്‍ക്കുന്നു.

ആയിടാം ബിയറതില്‍ ഇല്ലത്രെയാല്‍ക്കഹോള്‍

പാഷാണ പാനവും തവണ വ്യവസ്ഥയില്‍ ..!



ശുദ്ധമാം പശുവിന്റെ പാലതു കിട്ടുവാന്‍

പൈക്കിടാവായാലും ,സാധ്യമല്ലിന്നു പോല്‍ !




ആകാശമൊക്കെയും പൊട്ടിത്തകര്‍ന്നാലും

അക്കൊടിക്കിക്കൊടി വൈരം ശമിക്കലാ ..!



ചിന്തകള്‍ നില്‍ക്കാതെയോളംകളിക്കവേ

എങ്ങിനുറങ്ങുവാന്‍ എന്നു ചിന്തിപ്പു ഞാന്‍ .!



രണ്ടായിരത്തിപ്പതിനോന്നു തീരുവാന്‍

ആഴ്ചകള്‍ ,നാളുകള്‍ എണ്ണുന്ന നേരമായ് .


തീരുമോ ...? !! എന്നൊരു സംശയം തോന്നുന്നു..!!

Tuesday, November 29, 2011

വഴി..!





"ഈ സുനാമി വരാതിരിക്കാന്‍ എന്താ ചെയ്യാ ?"

"ഒന്നും ചെയ്യാന്‍ പറ്റില്ല."

"ഭൂമി കുലുങ്ങാതിരിക്കാനോ ?"

"അതും പറ്റില്ല."

"മുടി കൊഴിയാതിരിക്കാന്‍ ?"

"പറ്റുമെന്ന് തോന്നുനില്ല."

"മരണം ഇല്ലാതെയാക്കാന്‍ ?"

"തീരെ പറ്റില്ല ."

"പറഞ്ഞാല്‍ മനസ്സിലാകാത്ത ,
ആരെയും അനുസരിക്കാത്ത
ശക്തരെ അനുസരിപ്പിക്കാനോ ?"

"ഒന്നെങ്കില്‍ കൊല്ലുക ,അല്ലെങ്കില്‍ ചാവുക."

"അല്ലാ എന്തിനാ ചോദിക്കുന്നത് ?"

"ചുമ്മാ ചില സംശയങ്ങള്‍...ഒരാളെ കണ്ടപ്പോള്‍ ചോദിച്ചതാ .."

"നിങ്ങള്‍ക്കു ശരിക്കും അറിയേണ്ടത് വല്ലതുമുണ്ടെങ്കില്‍ ചോദിക്കൂ..."

"അത്....ഈ മുല്ലപ്പെരിയാറിലേക്ക് ഏത് വഴിയാ പോകുക ..? "

Thursday, September 15, 2011

ഞാനെന്ന ഞാന്‍..!

 

ആരായാലും
ഏതായാലും
എന്തായാലും
എങ്ങനെയായാലും
എപ്പോളായാലും
എന്തിലായാലും
ഞാനെന്ന ഞാന്‍
ഞാനായിരിക്കും .
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെന്തു ഞാന്‍ .?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെവിടെ ഞാന്‍ ?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെങ്ങനെ ഞാന്‍..?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെപ്പോഴാണ് ഞാന്‍ ?

എന്നാല്‍
ഞാനെന്ന ഞാന്‍ ഒന്നല്ല ..
ഞാനറിയുന്ന ഞാനും,
പിന്നെ ഞാനറിയാത്ത ഞാനും.!

ഞാനറിയുന്ന ഞാനിലൂടെ
ഞാനറിയാത്ത ഞാനിലെക്ക്
ഒരു പഠന യാത്ര....
അതിപ്പോഴും തീര്‍ന്നിട്ടില്ല. 

======= ooo=======

Monday, September 12, 2011

ബന്ധിതം.



ഏത് ആവര്‍ത്തനമാണ്
വിരസതയുണ്ടാക്കാത്തത് ?
എത്ര കേമമായ തുടര്‍ പ്രയോഗങ്ങളും
വല്ലാതെയായാല്‍
ആസ്വാദനം വെറുപ്പില്‍ അവസാനിക്കും.
ഇന്നലെകളില്‍ തുടങ്ങി
ഇന്നിലൂടെ,നാളെകളിലേക്ക് ...
ആവര്‍ത്തിക്കപ്പെടുന്ന ജീവിതം;
എത്ര ആസ്വദിച്ചാലും വെറുക്കപ്പെടുന്നു.
ആസ്വാദനത്തിന്റെ
പുതുവഴികള്‍ തേടേണ്ടി വരുന്നത്
ആസ്വദിച്ച് വെറുത്തതിനാല്‍ അല്ലേ ?
എന്നിട്ടും ഒരു ദിനത്തിന്റെ ആവര്ത്തനത്തിനായി
നാം കാത്തിരിക്കുന്നത്
എന്ത് കൊണ്ടാണ് ?
പ്രതീക്ഷയുടെ നൂലില്‍
സ്വയം കെട്ടിയാടുന്ന ബൊമ്മകള്‍
എന്നാണു
സ്വാതന്ത്ര്യം 'ആസ്വദിക്കുന്നത് '..???

Thursday, August 18, 2011

നന്ദികെട്ടവന്‍


എന്നും ഉദിച്ചസ്തമിക്കുന്നതിന്

സൂര്യനോട് നന്ദി, 'പറയണം' ? !

ഈ നിമിഷങ്ങളില്‍ എന്നെ നിലനിര്‍ത്തുന്നതിന്

ശ്വാസവായുവിനോടു നന്ദി, 'പറയണം' ? !

ഞാന്‍ ചെയ്ത ജോലിക്ക് കൂലി തരുന്നതിനു

മുതലാളിയോട് നന്ദി, 'പറയണം' ? !

വഴി തെറ്റാതെ എത്തിക്കുന്നതിന്

സാരഥിയോട് നന്ദി 'പറയണം' ? !

എന്റെ വാക്കിനു നിങ്ങള്‍ മറുപടി പറയുമ്പോള്‍

നിങ്ങളോട് ഞാന്‍ നന്ദി, 'പറയണം' ? !



സത്യത്തില്‍ ഞാന്‍ മടുത്തിരിക്കുന്നു.........



ജീവിക്കുന്നതിന്‌ ഞാന്‍ എന്നോട്

ഇത് വരെ നന്ദി, 'പറഞ്ഞിട്ടില്ല'. !

അങ്ങനെ എനിക്ക്,ഞാനൊരു നന്ദി കെട്ടവനായി..!!




ആത്മാര്‍ത്ഥതയുടെ നന്ദി 'ബോധത്തെ' തിരസ്കരിച്ച്

ഔപചാരികതയുടെ ഒരു ഒടുക്കത്തെ നന്ദി 'പറച്ചില്‍'.



ഒരു ഹൃദയത്തുടിപ്പ് പോലും സമര്‍പ്പിക്കാതെ

യാന്ത്രികതയുടെ അച്ചില്‍വാര്‍ത്ത നന്ദി 'പറച്ചിലുകള്‍ '.............

കണ്ടുപിടിച്ചത്... ..ഏത്......നന്ദി 'കെട്ട' വനാണ്..??
??


Tuesday, June 21, 2011

മിഥ്യാ സ്വപ്നം

സങ്കല്‍പ്പ പര്‍വ്വതങ്ങള്‍ക്കപ്പുറം
പ്രതീക്ഷതന്‍ അരുണോദയം ;

അരുണ കിരണ മോഹമോടെ
വെമ്പിടും പ്രണയ കമലം ;

സ്വപ്നത്തില്‍ പെയ്യുന്ന മഴയ്ക്ക് ചൂടാന്‍
കമ്പിയൊടിഞ്ഞ കാലന്‍ കുട ;

ഉച്ച നിശ്ശ്വാസങ്ങളുടെ ആരോഹണാ-
വരോഹണങ്ങളില്‍ യാത്ര ചെയ്യാന്‍

പ്രാണഭയത്തീവണ്ടിയില്‍

ആത്മധൈര്യത്തിനു സംവരണച്ചീട്ട് ;

കാലചക്രത്തിന്റെ ആണിപോയി

കാലങ്ങളില്ലാതായി ;

'യമഹ' തെറിച്ചു വീണപ്പോള്‍

തലക്കോട്ട കെട്ടിയിരുന്നില്ല ,

ആശുപത്രിക്കിടക്കയില്‍

കാലനും കാലക്കേട്‌;

ആശയറ്റ പാനീയം

നാലുകാലില്‍ നൃത്തം ചവിട്ടി ;

നഗരത്തിന്റെ കോണുകളില്‍

ആകാശങ്ങള്‍ ഇടിഞ്ഞു;

കഞ്ചനില്‍ കുഞ്ചന്‍ വന്നൂ

കുഞ്ചുവിന്‍ നെഞ്ചകത്തും ;

തെക്കന്‍കാറ്റുവീശിയപ്പോള്‍

ശുഭാപ്തിക്കെട്ടിടം തകര്‍ന്നോ..?

ഇല്ലാ..

സങ്കല്‍പ്പ പര്‍വ്വതങ്ങള്‍ക്കപ്പുറം .....

....ശ്ശെ ....

ഒരു ഉറക്കം വെറുതേ പോയി..!!

Friday, June 17, 2011

മഴയോ മഴ ....


എന്റെ ചുറ്റുവട്ടങ്ങളില്‍ നിന്നും ഒരു മഴ .... :)


Wednesday, June 15, 2011

ഓര്‍മ്മപ്പൊക്കം .

പെയ്തൊഴിയുന്നില്ല...
പൊങ്ങിപ്പൊങ്ങി .....
മുങ്ങിയാണ്ടു പോകുന്നു.
നീന്താന്‍പോലും പറ്റുന്നില്ല..
ഒടുക്കം
കിനാവിന്റെ തോണിയില്‍ പിടിച്ചു കയറിയാണ്
ഞാന്‍ രക്ഷപ്പെട്ടത്.

Tuesday, June 14, 2011

അപ്രിയ സത്യം.

താന്‍ പറയുന്നത് കള്ളമാണെന്ന്
എനിക്ക് ബോധ്യമുണ്ടെന്ന് തനിക്കും;
എനിക്കുമനസ്സിലാകുമെന്ന് തനിക്ക-
റിയാമെന്നു എനിക്കും;
ബോദ്ധ്യമുള്ളപ്പോള്‍ ..
നാം സത്യത്തെ, സത്യത്തില്‍
എന്തിനാണ് ഭയക്കുന്നത് ?!!

Saturday, June 4, 2011

)))))))))) വിഡ്ഢി (((((((((((

കല്ലുരുട്ടിക്കയറ്റിയാ കുന്നിന്റെ
മോളില്‍നിന്നങ്ങു താഴോട്ടുരുട്ടീട്ടു
പൊട്ടിയാര്‍ത്തു ചിരിച്ചവനൊരു വിഡ്ഢി .

അന്തിയോളം കോരി നിറച്ചൊരു
വമ്പന്‍ കുടമതു തട്ടിയുടച്ചിട്ടു
അന്തമില്ലാതെ നോക്കുന്നവന്‍ വിഡ്ഢി .

മഞ്ഞുകട്ടക്കു വര്‍ണ്ണം കൊടുക്കുവാന്‍
കയ്യിലെപ്പണം വാരിക്കൊടുത്തിട്ടു
ചായക്കൂട്ടുകള്‍ വാങ്ങുന്നവന്‍ വിഡ്ഢി .

പത്തു കൊടുത്തിട്ടു നൂറതു വാങ്ങുവാന്‍
ചിട്ടിയില്‍ക്കേറി ഗോപിക്കുറി തൊട്ട്,
ചിട്ടീ മുതലാളി മുങ്ങുന്ന നേരത്ത്
കുന്തിച്ചിരുന്നങ്ങു മോങ്ങുന്നവന്‍ വിഡ്ഢി.

പല്ലിളിച്ചന്നു കാട്ടിയ പെണ്ണിനെ
ബുദ്ധിപൂര്‍വ്വം വളച്ചു തിരിച്ചിട്ടു
പ്രാന്തിയെക്കെട്ടി പൊല്ലാപ്പെടുത്തൊരു
കാമുകന്‍ നല്ല സുന്ദരനാം വിഡ്ഢി.

ഗുരുവിന്‍ പരിഹാസ ഹാസം സഹിക്കാതെ
ശുണ്ഡിയെടുത്തന്നേഴാം തരം നിര്ത്തിയിന്നെ-
ഴുപതിന്‍ ചാക്കെടുക്കുന്നവന്‍ വിഡ്ഢി.

ഒന്നുമില്ലാതെ വന്നു കയറീട്ടു
ആധിവ്യാധികളായിയൊടുങാത്ത
മത്സരത്തോടെ ജീവിച്ചു തീര്‍ത്തിട്ടു
ഒന്നുമില്ലാതെ ചത്തു പോകുന്ന നാം
വിഡ്ഢിയല്ലാ 'വെറും' വിഡ്ഢിയല്ലാ..!!!!