Saturday, June 4, 2011

ഗദ്ഗദ ചിത്രങ്ങള്‍ .


വെറുതേ കരയുവാന്‍ നേരമില്ലാ

കരയുവാന്‍ കണ്ണുനീരൊട്ടുമില്ലാ.

ആകെ വിശന്നു തളര്‍ന്നതാണേ

ഇനിയൊട്ടു കരയുവാന്‍ ത്രാണിയില്ലാ.

എന്നുടെ കുട്ടനു ചോറു നല്‍കാന്‍

ഇന്നെനിക്കാവുകയില്ല തന്നേ.

ഒരു തുട്ടു നാണയമേകിയാലും

കനിവിന്റെ ധര്‍മ്മമിന്നേകിയാലും.

അന്നൊരു രാത്രിയിലെന്റെ തോഴന്‍

എന്നെത്തനിച്ചാക്കി യാത്രപോയീ.

ഒക്കത്തെടുക്കുവാനായി നല്ല

സമ്മാനവും നല്‍കി യാത്രപോയീ.

നാടായ നാടൊക്കെ ചെന്നു വേല

ചെയ്തു ഞാനഷ്ടിയായ് വീട് പോറ്റീ.

അരിമണി,പഞ്ചാരയെന്നുവേണ്ടാ

എല്ലാവിലകളുമേറി പിന്നെ.

ഉണ്ണിതന്‍ പൊട്ടിക്കരച്ചില്‍ കേട്ടു

സ്തബ്ടവദനയായ് നിന്ന നേരം,

വീടിന്‍ കടലാസെടുത്തു പിന്നേ

വട്ടിപ്പലിശക്കു പാണി നീട്ടീ.

അന്നൊരു നാളിതാ വന്നിടുന്നൂ

നാടിന്‍ വികസന കാഹളങ്ങള്‍ .

വീടും പറമ്പും കുളവുമെല്ലാം

ഉദ്യോഗ ശാലക്കു വേണമെത്രേ.

നഷ്ട പരിഹാരമായി നന്നായ്

കയ്യില്‍ പണമതു കിട്ടുമത്രേ.

വട്ടിപ്പലിശക്കഴുകനപ്പോള്‍

ആധാരവും കൊണ്ടു ചെന്നുവത്രേ.

അമ്പോ, കൊലച്ചതി,വഞ്ചകന്മാര്‍

എന്നുടെ സര്‍വ്വവും കൈക്കലാക്കി.

വീടും പറമ്പും കുളവുമില്ലാ

നഷ്ട പരിഹാര മൊട്ടുമില്ലാ.

ആകെ പെരുവഴിയായി മോനെ,

എന്തെങ്കിലും തന്നു കാത്തീടണേ.

വെറുതേ കരയുവാന്‍ നേരമില്ലാ

കരയുവാന്‍ കണ്ണുനീരൊട്ടുമില്ലാ

ആകെ വിശന്നു തളര്‍ന്നതാണേ

ഇനിയൊട്ടു കരയുവാന്‍ ത്രാണിയില്ലാ.

എന്നുടെ കുട്ടനു ചോറു നല്‍കാന്‍

ഇന്നെനിക്കാവുകയില്ല തന്നേ.

ഒരു തുട്ടു നാണയമേകിയാലും

കനിവിന്റെ ധര്‍മ്മമിന്നേകിയാലും.

ആകെ പെരുവഴിയായി മോനെ,

എന്തെങ്കിലും തന്നു കാത്തീടണേ.

എന്തെങ്കിലും തന്നു കാത്തീടണേ.

എന്തെങ്കിലും തന്നു കാത്തീടണേ.

No comments:

Post a Comment