Saturday, June 4, 2011

ഗ്രൂപ്പില്‍ പെടാത്ത ജീവന്‍ .

'അല്ല മാഷേ ങ്ങളേതാ ഗ്രൂപ്പ്? "
.
'എക്സ'ന്റെ യാതൊരു മുഖവുരയുമില്ലാത്ത ചോദ്യം കേട്ട്,പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന 'നോര്‍മലന്‍ 'ഒന്ന് മുഖമുയര്‍ത്തി 'എക്സ'നെ നോക്കി.
.
"എന്തേ?"
.
"ഒന്നുല്ല്യ,മ്മളിപ്പോ എല്ലാം ഓരോ ഗ്രൂപ്പ്...ഗ്രൂപ്പ്..ആണല്ലോ.."
.
"നിക്കങ്ങനെ ഗ്രൂപ്പൊന്നുല്ല്യാ സ്റ്റാ ....മ്മക്ക് മ്മളെ കാര്യം..അതേങ്കിലും നടന്നാ നന്നേരുന്നു."
.
[എക്സന്‍ മനം : നിപ്പം ഇവന്‍ മറ്റവരുടെ ആളാവോ?...ഒന്നുകൂടി നോക്കാം.]
.
എക്സന്‍ : "ഞാനൊരു പാവം 'എക്സ്' ഗ്രൂപ്പുകാരനാണേ...."
.
നോര്‍മ്മലന്‍ : "അയ്ക്കോട്ടേ..ഒരു വിരോധോംല്ല്യാ..ഞാനും ഒരു പാവാണേ..ജീവിച്ചു പൊക്കോട്ടെ..ഹ ഹ ഹ.."
.
[എക്സന്‍ മനം :ജീവിച്ചു പൊക്കോട്ടെ ന്നോ...എന്താ പഹയന്‍ ഉദ്ദേശിച്ചത്..? ]
.
എക്സന്‍ : "ഞങ്ങള്‍ 'എക്സ്' ഗ്രൂപ്പുകാരുടെ ഒരു സമ്മേളനം വരുന്നുണ്ടിട്ടോ....വരണം"
.
നോര്‍മലന്‍ : ശ്രമിക്കാം....ആട്ടെ..സമ്മേളനത്തിന്‌ വല്ല ഉദ്ദേശവും..? "
.
എക്സന്‍ :"എന്ത് ഉദ്ദേശം..നമ്മള്‍ ശുദ്ധ സൗഹൃദം കാത്തു സൂക്ഷിക്കുന്ന ചിലര്‍ ഒത്തുകൂടുന്നു..വര്‍ത്തമാനം പറയുന്നു..പാട്ട് പാടുന്നു..കലാ പരിപാടികള്‍ ഉണ്ടെങ്കില്‍ അതും ആകാം...ഭക്ഷണം കഴിക്കുന്നു ..നമസ്കാരം പറഞ്ഞു പിരിയുന്നു.അത്ര തന്നെ.."
.
നോര്‍മ്മലന്‍ : "ശുദ്ധ സൗഹൃദം..ഇന്ന് കാണാന്‍ കിട്ടിണില്ല്യ..അത് വളര്‍ത്തുന്നത് വളരെ നല്ലതെന്നെ..ഞാന്‍ തീര്‍ച്ചയായും വരാന്‍ ശ്രമിക്കാം.തിപ്പം എവിടുന്നാ ...എന്നാ..?
.
എക്സന്‍ : "അടുത്ത മാസം ഒന്നാന്ത്യന്നെ..കേരളത്തില്‍ തന്നെ.."
.
[നോര്‍മ്മലന്‍ മനം: അപ്പൊ...മലബാറിലല്ല...ഹും..]
.
അങ്ങനെ നോര്‍മ്മല കുമാരന്‍ എക്സന്‍ സമ്മേളനത്തിനു പോയി.
.
സ്മോള്‍ എക്സന്‍ : "ഞാനെത്രയോ തവണ മലബാറ് ഭാഗത്തൊക്കെ വന്നിട്ടുണ്ട്.എല്ലാം ശുദ്ധ ഗതിക്കാരാ..എനിക്കിഷ്ടാ..."
.
നോര്‍മലന്‍ : "ശുദ്ധഗതികൊണ്ട് ഇപ്പോള്‍ ജീവിക്കാന്‍ വയ്യാതായിരിക്കുന്നു..ഹ ഹ .."
.
എക്സ് സ്ക്വയറന്‍ :"സത്യത്തില്‍ ഇന്നീ ശുദ്ധഗതികൊണ്ടോന്നും ഒരു കാര്യവുമില്ല."
.
എക്സ് തീറ്റ :"സത്യം...ഹും...ഈ സത്യം എന്നത് ആപേക്ഷികമാണെന്നാണ് എന്റെ പക്ഷം.."
.
[നോര്‍മ്മലന്‍ മനം : അപ്പപ്പിന്നെ സൌകര്യത്തിനനുസരിച് അപേക്ഷിച്ചാല്‍ മതീലോ ല്ലേ....മിടുക്കന്മാര്‍ ]
.
എക്സ് ക്ലുസീവര്‍ : " എന്താ നോര്‍മ്മലാ ഒരു കള്ളച്ചിരി..ഉം..? "
.
നോര്‍മ്മലന്‍ : " ഏയ്...ഒന്നുമില്ല....അത്... "
.
പറഞ്ഞു മുഴുവനാക്കുന്നതിനു മുന്‍പ്‌ നോര്‍മ്മലന്റെ മൊബൈല്‍ ഫോണ്‍ പാട്ട് പാടി..
.
"ഹലോ.."
.
മൊബൈല്‍ ചെവിയില്‍ വെച്ച്കൊണ്ട് നോര്‍മ്മലന്‍ കൂട്ടത്തില്‍ നിന്നും അകലേക്ക് പോയി.
.
തിരിച്ചു വന്നപ്പോള്‍ ..
.
എക്സ് ക്ലുസീവര്‍ :"എപ്പഴും ബിസിയാണല്ലേ നോര്‍മ്മലാ..."
.
നോര്‍മലന്‍ : " അങ്ങനൊന്നുല്ല്യ ...വൈയ്യന്‍ എന്നൊരു സുഹൃത്ത് വിളിച്ചതാ..അവന്‍ ഒരു പരിപാടിയെ പറ്റി പറഞ്ഞിരുന്നു.ഓര്‍മ്മിപ്പിക്കാന്‍ വിളിച്ചതാ.എന്തായാലും അവന്‍ വിളിച്ചത് നന്നായി..കുറേ മുമ്പേ പറഞ്ഞതാ...ഞാന്‍ മറന്നു തുടങ്ങിയിരുന്നു."
.
എക്സ് ക്ലുസീവര്‍ : "ഉം..ആ വൈ ഗ്രൂപ്പുകാരുടെ നേതാവ് വൈയ്യന്‍ ആണോ..? "
.
നോര്‍മ്മലന്‍ :"അതേ..പണ്ടുമുതലേ എന്റെ ഒരു സുഹൃത്താണ് പുള്ളി.."
.
[എക്സ് ക്ലുസീവര്‍ മനം :ഇത് മറ്റവന്റെ ആള് തന്നെ..]
.
എക്സ് ക്ലുസീവര്‍ :"ഞങ്ങളിപ്പം വരാട്ടോ..ഒരു മിനിറ്റ്.."
.
നോര്‍മ്മലന്‍ : "ആയ്ക്കോട്ടെ..."
.
എക്സനും,സ്മോള്‍ എക്സനും,എക്സ് സ്ക്വയറനും,എക്സ് തീറ്റയും,എക്സ് ക്ലുസീവറുമെല്ലാം മറ്റൊരിടത്തേക്ക് മാറി നിന്നു .
.
എക്സന്‍ : "അന്ന് ക്ഷണിക്കുംപഴേ ഇവനെ എനിക്ക് സംശയമുണ്ട്...പണ്ടാരക്കാലന്‍ .."
.
എക്സ് ക്ലുസീവര്‍ :"സംശയോന്നല്ല..എനിക്കുറപ്പാ..ഇവന്റെ ഉദ്ദേശം വേറെയാ.."
.
എക്സ് സ്ക്വയറന്‍ : "തീര്‍ച്ചയായും ഒരു പണി കൊടുക്കണം.."
.
ബാക്കി എല്ലാ 'എക്സി' കളും : "വേണം...വേണം.."
.
എല്ലാവരും സാവധാനം നോര്‍മ്മലന്റെ അടുത്തേക്ക് തന്നെ എത്തി..
.
എക്സന്‍ : "നോര്‍മ്മലാ,...ഞങ്ങള്‍ സാവധാനമേ പോകുന്നുള്ളൂ..ഒരുമിച്ചിറങ്ങിയാല്‍ പോരെ....? "
.
നോര്‍മ്മലന്‍ :"യ്യോ..അത് ശരിയാവില്ല..എനിക്ക് കുറേ പോവാന്‍ളളതാ..നാളെ രാവില്യാവും..അവിടെത്താന്‍ .."
.
എക്സ് തീറ്റ :"ശ്ശോ...എന്നാല്‍ ഒരുമിച്ചൊരു ചായ കുടിച്ച് പിരിയാം "
.
നോര്‍മ്മലന്‍ :"അയ്ക്കോട്ടെ..സന്തോഷം.."
.
ചായ കുടിക്കുന്നതിനിടയില്‍ ...
.
എക്സ് തീറ്റ :"കടിയായി ഞങ്ങള്‍ കുറച്ച് പഴംപൊരി വാങ്ങി...ഇതാ സ്നേഹപ്പഴം പൊരിച്ചെടുത്തത്..സ്വീകരിച്ചാലും.."
.
നോര്‍മ്മലന്‍ : "ഹൊ....ഹ്ഹോ...അവന്റൊരു അച്ചടി സാഹിത്യം..സഹിക്കാന്‍ വയ്യ..ഹ ഹ.."
.
നോര്‍മ്മലന്‍ പഴംപൊരി വാങ്ങി വായില്‍ വെച്ചു..
.
നോര്‍മ്മലന്‍ :"........അ: ..ആ................."
.
നോര്‍മ്മലന്റെ വായ്ക്കുള്ളില്‍ നിന്നും നന്നായി ചോര വരാന്‍ തുടങ്ങി..പഴംപൊരിയില്‍ നിന്നും വായ്ക്കുള്ളില്‍ തറച്ച കുപ്പിച്ചില്ല് നോര്‍മ്മലന്‍ തോണ്ടിയെടുത്തു..
.
എക്സന്‍ : "ഈശ്വരാ...ഇതെങ്ങനെ സംഭവിച്ചു....വേഗം വന്നേ..നമുക്ക് ആസ്പത്രിയില്‍ പോകാം.."
.
നോര്‍മ്മലന്‍ :"അതൊന്നും വേണ്ട,വായ കഴികി കുറച്ചു കഴിഞ്ഞാല്‍ ചോര വരുന്നത് നില്‍ക്കുമായിരിക്കും.....എന്തായാലും നാട്ടിലെത്തിയിട്ട് ഞാന്‍ ഡോക്ടറെ കാണിച്ചോളാം.
.
സ്മോള്‍ എക്സന്‍ :"പോയിസണ്‍ ണ്ടാവും ട്ടോ.."
.
നോര്‍മ്മലന്‍ : "ഉം.."
.
പോകുന്നതിനു മുന്‍പ്‌ എന്തോ ശക്തമായി തന്റെ പുറത്ത് തുളച്ചു കയറിയതായി നോര്‍മ്മലന്‌ തോന്നി.....പക്ഷേ...എത്ര നോക്കിയിട്ടും ഒന്നും കണ്ടില്ല..ഒരു കുത്തുന്ന വേദന മാത്രം.
.

കുറച്ച് ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി.വൈയ്യനും കൂട്ടരും നടത്തുന്ന പരിപാടിയുടെ ദിനം വന്നെത്തി...രാവിലെ തന്നെ നോര്‍മ്മലന്‍ സ്ഥലത്തെത്തി.
.

"എന്റെ നോര്‍മ്മലാ.."
.
കവാടത്തില്‍ നിന്നിരുന്ന വൈയ്യന്‍ നോര്‍മ്മലനെ കെട്ടിപ്പിടിച്ചു.
.
"ദേ..ഇതാണ് നോര്‍മ്മലന്‍ ..എന്റെ പുന്നാര സുഹൃത്ത്...ശുദ്ധന്‍ .."
.
വൈയ്യന്‍ സ്മോള്‍ വൈയ്യനും,വൈക്ക്യൂബനും,വൈ തീറ്റര്‍ക്കും,വൈകൃതനും പിന്നെ വൈകുമാരിക്കും നോര്‍മ്മലനെ പരിചയപ്പെടുത്തി.കെട്ടിപ്പിടിച്ചപ്പോള്‍ പണ്ട് തുടങ്ങിയ പുറത്തെ വേദന ഒന്നുകൂടി കൂടി.നോര്‍മ്മലന്‍ വീണ്ടും തടവി നോക്കി.ഒന്നും തറച്ചതായി കാണുന്നില്ല.
.
വൈതീറ്റര്‍ : "നോര്‍മ്മലന്‍ ..എവിടെയായിരുന്നു സ്ഥലം..? "
.
നോര്‍മ്മലന്‍ :"വടക്കോട്ടാ..മലബാറ് ഭാഗത്താ.."
.
[വൈതീറ്റര്‍ മനം: ഉം...ഉം...കളി നമ്മളോടു വേണ്ടാ...]
.
വൈതീറ്റര്‍ :"എന്ത് തെക്കും വടക്കും..മ്മക്ക് സൗഹൃദാണ് വലുത്...കലര്‍പ്പില്ലാത്ത ശുദ്ധ സൗഹൃദം."
.
നോര്‍മ്മലന്‍ :"അതേ..ഇന്നു മായല്ല്യാത്ത ഒന്നും കിട്ടാന്‍ പോലും ല്ല്യാ..സൗഹൃദം പോലും.ഇന്നാളു 'എക്സ്' ഗ്രൂപ്പിന്റെ പരിപാടിക്ക് ഞാന്‍ പോയിരുന്നു.അവിടേം ദന്ന്യാ ഏല്ലാവര്‍ക്കും പറയാനുള്ളത്."
.
[വൈയ്യന്‍ മനം :അത് ശരി...ഇനിപ്പം ഇവന്‍ അവരുടെ ആളാവ്വ്വോ...? ]
.
വൈയ്യന്‍ :"എക്സന്മാരുടെ ശുദ്ധത ഒന്നും പറയണ്ടാ..അവരെ നമക്ക് ഒരു പാഠം പഠിപ്പിക്കണം.."
.
വൈ ക്യൂബന്‍ :""സത്യം ന്ന് പറേണത് അവര്‍ക്ക് തൊട്ടു തെറിപ്പിച്ചിട്ടില്ല..കാട്ടു കള്ളന്മാരാണൊക്ക്യേം.."
.
സ്മോള്‍ വൈയ്യന്‍ :.."ഹും..സത്യം...ഈ സത്യം എന്ന് പറഞ്ഞാല്‍ ..അതൊക്കെ നമ്മുടെ കാഴ്ചപ്പാടു പോലിരിക്കും."
.
വൈയ്യന്‍ : "അതേ...അതാണതിന്റെ ശരി.."
.
[നോര്‍മ്മലന്‍ മനം : എന്റെ ഭഗവാനേ...നീയാരാ..???]
.
വൈ ക്യൂബന്‍ :"ഇത് നല്ല സ്റ്റൈലന്‍ ഷര്‍ട്ടാണല്ലോ നോര്‍മ്മലാ.."
.
നോര്‍മ്മലന്‍ : "ഉവ്വോ...വാങ്ങീട്ട്‌ അധികം ആയിട്ടില്ല.ഇന്നാള് 'എക്സ്' കാരുടെ ഒരു പരിപാടി ഉണ്ടായിരുന്നല്ലോ..അന്നാണ് ആദ്യമായി ഇടുന്നത്."
.
വൈകൃതന്‍ : "എന്തായാലും കൊള്ളാം...നന്നായി ചേരുന്നുണ്ട്..."
.
[വൈകൃതന്‍ മനം : നിനക്ക് കൊള്ളിച്ച് തരാമെടാ,എക്സന്മാര്‍ക്ക് വേണ്ടി വന്നവനെ..]
.
വൈകൃതന്‍ :"നോര്‍മ്മലാ..ഇപ്പം വരാട്ടോ.."
.
നോര്‍മ്മലന്‍ :"ശരി ശരി.."
.

വൈകൃതന്‍ : "ങ്ങളൊക്കെ ഒന്ന് വന്നേ..."
.
പ്രഖ്യാപിത 'വൈ' ഗ്രൂപ്പുകാരെല്ലാം ചെറുതായി ഒന്ന് കൂട്ടം കൂടി.
.
വൈകൃതന്‍ :"അതേ..ഇവന്‍ ..എനിക്ക് ബോദ്ധ്യമായി..മറ്റവരുടെ ആളാ.."
.
വൈക്യൂബന്‍ :"എനിക്കും തോന്നി..എന്ത് പറഞ്ഞാലും ഒരു 'എക്സ്' ഗ്രൂപ്പ്.."
.
വൈകുമാരി : "അതിനൊരു പണിണ്ട്..".
.

വൈകൃതന്‍ :"നോര്‍മ്മലാ....വൈകീട്ടെന്താ പരിപാടി..?"
.
നോര്‍മ്മലന്‍ :"ഏയ്..ആ പരിപാടിക്ക് ഞാന്‍ ല്ല്യാ.."
.
വൈക്യൂബന്‍ :"ഹ ഹ ഹ...ന്റെ നോര്‍മ്മലാ...(നോര്‍മ്മലന്റെ മുതുകില്‍ ചെറുതായി ഒരടിയടിച്ചു..)
.
നോര്‍മ്മലന്‍ : "എന്നാല്‍ ഞാന്‍ മെല്ലെ അങ്ങട്ടിറങ്ങട്ടെ..ഇനീം വൈകിയാല്‍ ഒക്കില്ല".
.
വൈകുമാരി :"ശരി..ഇതാ ഒരു സ്നേഹ സമ്മാനം.."
.
നോര്‍മ്മലന്‍ :"ആയ്ക്കോട്ടെ.."(ഒന്നും ചിന്തിക്കാതെ ചിരിച്ച് കൊണ്ട് കൈനീട്ടി വാങ്ങി..)
.
നോര്‍മ്മലന്‍ :"...വ്വൂ..."
.
വൈകുമാരി:"യ്യോ..അതിന്റെ മുള്ളുള്ള ഭാഗത്താണോ പിടിച്ചത്..ശ്രദ്ധിക്കണ്ടേ.."
.
നോര്‍മ്മലന്‍ : "സാരല്ല്യ"
.
വൈകൃതന്‍ :"അതിന്റെ ഇതളെല്ലാം കൊഴിഞ്ഞിരിക്കുന്നല്ലോ..മണവും സൌന്ദര്യവുമില്ലാത...'ശ്മശാന പുഷ്പം'..ഹ ഹ ഹ....എന്താ വൈകുമാരീ ഇത്..? "
.
നോര്‍മ്മലന്‍ :"ഏ.....അതൊന്നും പ്രശ്നല്ല...പോട്ടെ.."
.
തന്റെ നെഞ്ചിന്റെ ഭാഗത്ത്‌ എന്തോ ആഴ്‌ന്നിറങ്ങിയ പോലെ നോര്‍മ്മലന്‌ തോന്നി.നല്ല കടച്ചില്‍ ....പക്ഷേ...ഒന്നും കാണാനില്ല.പുറത്തെ വേദന ആദ്യമേ ഉണ്ട്.
റെയില്‍വേ സ്റ്റേഷനില്‍ ചെന്നന്ന്വേഷിച്ചപ്പോള്‍ ട്രെയിനൊന്നും ഇല്ല..ബസ്സിനു പോകാം എന്ന് കരുതി.
.
ഹ്ഹോ...വേദന സഹിക്കാനാവുന്നില്ല..
.
ബസ് എടപ്പാളു കഴിഞ്ഞു....ഓരോരോ സ്റ്റോപ്പുകള്‍ പിന്നിട്ടുകൊണ്ടിരിക്കുന്നു...വേദന കടിച്ചമര്‍ത്താനാകാതെ എന്തോ ഭ്രാന്തമായ അവസ്ഥയിലെത്തുന്ന പോലെ 'നോര്‍മ്മല'ന്‌ തോന്നി.
അടുത്ത സ്ടോപ്പ് തൃക്കണാപുരം..ഇവിടെ ഇറങ്ങി മുന്നോട്ടു നടന്നാല്‍ കുറ്റിപ്പുറം പാലത്തിന്റെ സമീപമെത്തും..അവിടെ ഇപ്പോള്‍ വളരെ അപൂര്‍വ്വമായി ഭാരതപ്പുഴ നിറഞൊഴുകുന്നുണ്ട്.
സീറ്റില്‍ നിന്നെഴുന്നേറ്റു വേഗം ബസ്സിന്റെ വാതിലിനടുത്ത് ചെന്നു.
.
"ഇവിടെ ഇറങ്ങണം"
.
കണ്ടക്ടര്‍ : "അതിനു നിങ്ങളുടെ ടിക്കറ്റ് ഇവിടേക്കല്ലല്ലോ..?"
.
നോര്‍മ്മലന്‍ :"എനിക്കിവിടെ ഇറങ്ങണം.ഒരാവശ്യമുണ്ട് ."
.
കണ്ടക്ടര്‍ ബെല്ലടിച്ചു.
.
കണ്ടക്ടര്‍ :"ബാക്കി തരാന്‍ ചില്ലറ..പ്രശ്നാണ്..തത്ക്കാലം ഇതിരിക്കട്ടെ.."
.
നോര്‍മ്മലന്‍ : "ഏയ് അതൊന്നും വേണ്ടാ ..എല്ലാം ങ്ങളെന്നെ എടുത്തോള്ളൂ"
.
[നോര്‍മ്മലന്‍ മനം:മുറി മൂക്കന്‍ രാജാവ്]
.
എന്തൊക്കെയോ നോര്‍മ്മലന്റെ മനസ്സില്‍ ഉരുണ്ടു കൂടാന്‍ തുടങ്ങി..അതിശക്തമായി കാറ്റ് വീശി....മഴ ഇപ്പോള്‍ പെയ്യും..ദാ..പെയ്ത് തുടങ്ങി..
മഴയത്ത് ഒരു കൂസലുമില്ലാതെ നടക്കുന്ന നോര്‍മ്മലനെ കണ്ട്‌ ആ വഴി കുടയുമായി വന്ന ഒരു വിദ്യാര്‍ത്ഥി കുടയില്‍ കൂടിക്കോളാന്‍ പറഞ്ഞു.
.
നോര്‍മ്മലന്‍ : "താനേതാ..?? "
.
വിദ്യാര്‍ത്ഥി:"ഞാന്‍ ചിന്തുമോന്‍ ,ഇവിടെ ഈ എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്നു."
.
നോര്‍മ്മലന്‍ :"എന്നാല്‍ വാ..ചിലത് ഞാനും പഠിപ്പിച്ച് തരാം.....പിന്നെ..നീന്താന്‍ മാത്രം എനിക്കറിയില്ല..ഹ ഹ ഹ.."
.
നോര്‍മ്മലന്റെ കണ്ണുകള്‍ ചുവന്നിരുന്നു..ഭ്രാന്തമായ രീതിയിലുള്ള സംസാരവും പെരുമാറ്റങ്ങളും കണ്ട്‌ ചിന്തുമോന്റെയുള്ളില്‍ ആകെ ഭയം നിറഞ്ഞു.
.
നോര്‍മ്മലന്‍ :"മഴ കൊണ്ടാല്‍ ആകാശം ഇടിഞ്ഞു വീഴുമോ..?"
.
ചിന്തു മോന്‍ :"..ഉം....അത്....ല്ലാ."
.
നോര്‍മ്മലന്‍ :"ന്നാ വലിച്ചെറിയടാ കുട ..നീ വെയിലിന്റെ ഗ്രൂപ്പുകാരനാണോ....ആണോടാ..?? "
.
ഇതും പറഞ്ഞു നോര്‍മ്മലന്‍ ആ കുട പിടിച്ചു വാങ്ങി ദൂരേക്ക്‌ വലിച്ചെറിഞ്ഞു.
.
ചിന്തു മോന്‍ :"എനിക്ക് ഒന്ന് ഹോസ്റ്റലിലെക്ക് തിരികെ പോണം..ഒരു സാധനം എടുക്കാന്‍ മറന്നു.."
.
നോര്‍മ്മലന്‍ :"ഞാന്‍ ആദ്യമേ തന്നോടു ചിലത് പഠിപ്പിക്കാനുണ്ട് എന്ന് പറഞ്ഞില്ലേ...ഇല്ലേ....ഇല്ലേ...ഇല്ലേ....ഇല്ലേ....????"
.
ചിന്തുമോന്‍ : ആഉ.....അ..അത്......ആ ...വ്വ്."
.
നോര്‍മ്മലന്‍ :"എന്നാല്‍ നീ എന്റെ ശിഷ്യനാണ്..മര്യാദക്ക് എന്റെ കൂടെ വന്നോളണം."
.
അതി കഠിനമായ,ഭ്രാന്തമായ ആ പറച്ചിലിനെ ധിക്കരിക്കാന്‍ ചിന്തു മോന് ആയില്ല...എന്തോ..തോന്നിയില്ല..കുടയില്ലാതെ..മഴയത്ത് നോര്‍മ്മലനും ചിന്തുമോനും.
മഴ കനത്തു.തുള്ളിക്കൊരു കുടം പേമാരി എന്നപോലെ...മഴയും നോര്‍മ്മലനും ഭ്രാന്തമായി ചുവടുകള്‍ വെച്ചു.
.
നടന്നു നടന്നു പാലത്തിനടുത്തെത്തി..പെട്ടെന്ന് നോര്‍മ്മലന്റെ വിധം വീണ്ടും മാറി..
.

"ഓയേ..............ഓ...........ഹ ഹ .......ഹ ഹ ഹ ...ഓയേ.....ഓ..."
.

ഇങ്ങനെ ആര്‍ത്തട്ടഹസിച്ചുകൊണ്ട് പാലത്തിന് അപ്പുറത്തേക്കും ഇപ്പുറത്തെക്കും മൂന്നുവട്ടം ഓടി..
ആകെ പകച്ചുപോയ ചിന്തുമോനെയും കൊണ്ട് പാലത്തിന് നടുക്കുവരെ നടന്നു....വാഹനങ്ങളെല്ലാം പാലത്തിന് അപ്പുറവും ഇപ്പുറവുമായി നിര്‍ത്തി.ആകെ ബ്ലോക്കായി..ഏതോ ഭ്രാന്തന്‍ പ്രശ്നമുണ്ടാക്കുന്നു എന്ന് കേട്ട് ഇരു കരയിലും ആളുകള്‍ തടിച്ച് കൂടി..പക്ഷേ ആരും അടുത്തില്ല..
.

വളരെ പകച്ചുകൊണ്ട് ചിന്തുമോന്‍ ഇടറിയ ശബ്ദത്തില്‍ ചോദിച്ചു.
.
"എന്താ പെട്ടെന്ന് ..ഇങ്ങനെയൊക്കെ..."
.
നോര്‍മ്മലന്‍ : " ഞാന്‍ ലഹരിയിലാണ്...അത്ത്യപാര ലഹരി..വേദനയുടെ ലഹരി..ഞാന്‍ അറിയാതെ ആടിയുറഞ്ഞ്‌ പോകുകയാണ്...ആ...ഹ ഹ..."
.
ഒരു കോമരം തുള്ളുന്നതിനേക്കാള്‍ ഗംഭീരമായി ,നോര്‍മ്മലന്‍ ഉറഞ്ഞു തുള്ളാന്‍ തുടങ്ങി..
.
ചിന്തുമോന്‍ :"എന്ത് വേദന?.."
.
നോര്‍മ്മലന്‍ തുള്ളല്‍ ഒന്ന് നിര്‍ത്തി..കണ്ണ് തുറിച്ച് നോക്കിക്കൊണ്ട്..ഇരു കരയും കേള്‍ക്കുമാറ് ..ഉച്ചത്തില്‍ ....തിമിര്‍ത്ത് പെയ്യുന്ന മഴയുടെ ശബ്ദത്തിനും ഉച്ചത്തില്‍ ...
.
"അറിയണം.....അല്ലേ...."
.
"എന്നെ തൊട്ടു നോക്ക്...എന്റെ ശരീരത്തിലേക്ക്..."
.
ചിന്തുമോന്‍ പടക്കത്തിന് തീകൊടുക്കാന്‍ പോകുന്നപോലെ..ഒന്ന് തൊട്ടു..
.
"യ്യോ...ഇതെന്താ..നെഞ്ചിലും പുറകിലും...ആരോ കത്തി കുത്തിയിറക്കിയിരിക്കുന്നല്ലോ.."
.
"ആ...ഒന്ന് സൂക്ഷിച്ച് നോക്ക്...ഇത് ഇരുമ്പിന്റെ കത്തിയൊന്നുമല്ല."
.
"പിന്നെ.."
.
"വെറുപ്പിന്റെ മൂശയില്‍ പണിത..സംശയത്തിന്റെ കത്തിയാണിവ".
.
ചിന്തുമോന് ആകെ തലച്ചുറ്റുന്നപോലെ തോന്നി..
.
"ഹ ....ഹ ...ഹാ.....ഹി ഹീ.......ഹു ഹൂ....ഹീ...."
.
നോര്‍മ്മലന്‍ വീണ്ടും പാലത്തിന് ഇരു ഭാഗത്തേക്കും ഓടി..
.
"എടോ ..താന്‍ പറ...ആ കാണുന്നതെന്താ..??"
.
ചിന്തുമോന്‍ :"അക്കരെ".
.
നോര്‍മ്മലന്‍ :"അങ്ങനെയല്ലാ.....ആ കാണുന്നതൊക്കെ അക്കരെ ഗ്രൂപ്പ്..ഈ കാണുന്നതൊക്കെ ഇക്കരെ ഗ്രൂപ്പ്....ഹ ഹ ഹ...."
.
വീണ്ടും ഓടി...പക്ഷേ..ഇക്കുറി ചിന്തുമോനെയും കൊണ്ടാണ് ഓടിയത്....
.
ഒരു ഭാഗത്ത് ചെന്നുകൊണ്ട്
.
"ആ കാണുന്നതെന്താ..?"
.
"അക്കരെ"
.
വീണ്ടും ഓടി..മറുഭാഗത്തേക്ക്....
.
"ആ കാണുന്നതെന്താ..?"
.
"അക്കരെ"
.
"ഡാ....വിവരമില്ലാത്തവനെ...അപ്പോള്‍ എവിടെയാണടാ ശരിക്കും ...തന്റെ...അ...ക്ക രെ..??"
.
"അത്...അത്...അതിപ്പം എങ്ങനെ പറഞ്ഞുതരണം എന്ന് സംശയമാണ്.."
.
"പറയേണ്ടടാ...പറയേണ്ട..രണ്ടു കരയും സം..ശയ മാണ്‌..ഇക്കരെ നിന്നാല്‍ അക്കരെ പച്ച...ഹ ഹ ഹ.."
.
"ആട്ടേ..രണ്ടു കരയും സംശയം...അപ്പോള്‍ ..ഈ പാലം എന്താണെന്റെ പുന്നാര ചിന്തുമോനേ.....?
.
"അത്...പാലം.....ഒരു സങ്കല്‍പ്പമായിരിക്കും "
.
"ഹ ഹ ഹ.....മിടുക്കന്‍ ...ചിന്തുമോന്‍ നന്നായി ചിന്തിക്കുന്നുണ്ടേ.................
.
പരസ്പരം സംശയിക്കുന്നവര്‍ക്കിടക്ക് ,സൗഹൃദത്തിന്റെ പാലം തീര്‍ക്കാം എന്നത് .....അതൊരു സങ്കല്പം മാത്രമാണെന്റെ പൊട്ടാ........ഹ ഹ ഹ..."
.
നോര്‍മ്മലന്‍ വീണ്ടും ആര്‍ത്തട്ടഹസിച്ചു കൊണ്ട് പാലത്തിന് ഇരു ഭാഗത്തേക്കും ഓടി....എന്നിട്ട്..നടുക്ക് നിന്നു..
.
ഉറഞ്ഞു തുള്ളിക്കൊണ്ട്..
.
"ടാ...ടാ..ടാ...നമ്മളിപ്പോള്‍ നില്‍ക്കുന്നത് എവിടെയാ..?"
.
"പാലത്തിന്മേല്‍ "
.
"അതല്ലടാ പൊട്ടാ......ചോദിച്ചത്....ഏത് കരയില്‍ ആണ് നില്‍ക്കുന്നതെന്ന്.."
.
"മദ്ധ്യത്തില്‍ .."
.
"ഹാ..മിടുക്കന്‍ ..മിടുക്കന്‍ ..അപ്പോള്‍ നമ്മളിപ്പോള്‍ പരസ്പരം..'മദ്ധ്യേയിങ്ങനെ' കാണുകയാണ്..മനസിലായോ.." ?
.
"ഉ..ഊ....ഉം.."
.
"പൂന്താനം പറഞ്ഞത് കേട്ടിട്ടില്ലേ..
.

"മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ".........
.
ഓയേ..............ഓ...........ഹ ഹ .......ഹ ഹ ഹ ...ഓയേ.....ഓ..."
.

നോര്‍മ്മലന്‍ വീണ്ടും ഓടുന്നു...ചാടുന്നു.....തലകുത്തി മറിയുന്നു..തിമിര്‍ത്ത് പെയ്യുന്ന മഴയുടെ ശബ്ദത്തിനും നിരന്തരം ഹോണടിച്ച് അലമ്പുണ്ടാക്കുന്ന വാഹനങ്ങളുടെ ശബ്ദത്തിനും,ഇരു കരയില്‍ നിന്നും കൂക്കി വിളിക്കുന്ന നാട്ടുകാരുടെ ശബ്ദത്തിനും എല്ലാം ഉച്ചത്തില്‍ ..പാടുന്നു..
.

"മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ".....
.

"ഹ ഹ ഹ..."
.
ഇങ്ങനെ പാടിക്കൊണ്ട് നോര്‍മ്മലന്‍ കൂലംകുത്തിയൊഴുകുന്ന പുഴയിലേക്ക് എടുത്തു ചാടി.

.

================ശുഭം===================

1 comment: