Tuesday, December 20, 2011

ചിന്താഭാരം.!!

>


>


ഉറക്കം വരാതുള്ള രാത്രിയിലിന്നു ഞാന്‍

കുത്തിക്കുറിക്കുന്നു ഭ്രാന്തന്‍ മനസ്സുകള്‍ .



ഇനിയെന്തു ചെയ്യണം ,എങ്ങോട്ട് പോകണം

എങ്ങനെ ,ഇനിയുള്ള കാലം കഴിച്ചിടും.?!

ഇതുവരെ പോന്നതു പോലങ്ങു പോയിടും

ആരോ മൊഴിയുന്നു ? സംശയം തോന്നുന്നു.!




രണ്ടായിരത്തിപ്പതിനോന്നു തീരുവാന്‍

ആഴ്ചകള്‍ ,നാളുകള്‍ എണ്ണുന്ന നേരമായ് .


തീരുമോ ...? !! എന്നൊരു സംശയം തോന്നുന്നു..!!



മുക്കാലു ഭാഗവും മണ്ണുമാന്തിത്തീര്‍ന്ന

കുന്നുകള്‍ നാളെയൊലിച്ചിറങ്ങീടുമോ ?

അണുബോംബു പൊട്ടുമോ ,ഡാമുകള്‍ പൊട്ടുമോ

മാനുഷര്‍ താന്‍ താനേ വെട്ടീ മരിക്കുമോ ?



ബ്രാണ്ടീ കുടിക്കണോ ,വിസ്കീ കുടിക്കണോ

എന്നതില്‍ തര്‍ക്കങ്ങളുണ്ടെന്നു കേള്‍ക്കുന്നു.

ആയിടാം ബിയറതില്‍ ഇല്ലത്രെയാല്‍ക്കഹോള്‍

പാഷാണ പാനവും തവണ വ്യവസ്ഥയില്‍ ..!



ശുദ്ധമാം പശുവിന്റെ പാലതു കിട്ടുവാന്‍

പൈക്കിടാവായാലും ,സാധ്യമല്ലിന്നു പോല്‍ !




ആകാശമൊക്കെയും പൊട്ടിത്തകര്‍ന്നാലും

അക്കൊടിക്കിക്കൊടി വൈരം ശമിക്കലാ ..!



ചിന്തകള്‍ നില്‍ക്കാതെയോളംകളിക്കവേ

എങ്ങിനുറങ്ങുവാന്‍ എന്നു ചിന്തിപ്പു ഞാന്‍ .!



രണ്ടായിരത്തിപ്പതിനോന്നു തീരുവാന്‍

ആഴ്ചകള്‍ ,നാളുകള്‍ എണ്ണുന്ന നേരമായ് .


തീരുമോ ...? !! എന്നൊരു സംശയം തോന്നുന്നു..!!

Tuesday, November 29, 2011

വഴി..!





"ഈ സുനാമി വരാതിരിക്കാന്‍ എന്താ ചെയ്യാ ?"

"ഒന്നും ചെയ്യാന്‍ പറ്റില്ല."

"ഭൂമി കുലുങ്ങാതിരിക്കാനോ ?"

"അതും പറ്റില്ല."

"മുടി കൊഴിയാതിരിക്കാന്‍ ?"

"പറ്റുമെന്ന് തോന്നുനില്ല."

"മരണം ഇല്ലാതെയാക്കാന്‍ ?"

"തീരെ പറ്റില്ല ."

"പറഞ്ഞാല്‍ മനസ്സിലാകാത്ത ,
ആരെയും അനുസരിക്കാത്ത
ശക്തരെ അനുസരിപ്പിക്കാനോ ?"

"ഒന്നെങ്കില്‍ കൊല്ലുക ,അല്ലെങ്കില്‍ ചാവുക."

"അല്ലാ എന്തിനാ ചോദിക്കുന്നത് ?"

"ചുമ്മാ ചില സംശയങ്ങള്‍...ഒരാളെ കണ്ടപ്പോള്‍ ചോദിച്ചതാ .."

"നിങ്ങള്‍ക്കു ശരിക്കും അറിയേണ്ടത് വല്ലതുമുണ്ടെങ്കില്‍ ചോദിക്കൂ..."

"അത്....ഈ മുല്ലപ്പെരിയാറിലേക്ക് ഏത് വഴിയാ പോകുക ..? "

Thursday, September 15, 2011

ഞാനെന്ന ഞാന്‍..!

 

ആരായാലും
ഏതായാലും
എന്തായാലും
എങ്ങനെയായാലും
എപ്പോളായാലും
എന്തിലായാലും
ഞാനെന്ന ഞാന്‍
ഞാനായിരിക്കും .
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെന്തു ഞാന്‍ .?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെവിടെ ഞാന്‍ ?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെങ്ങനെ ഞാന്‍..?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെപ്പോഴാണ് ഞാന്‍ ?

എന്നാല്‍
ഞാനെന്ന ഞാന്‍ ഒന്നല്ല ..
ഞാനറിയുന്ന ഞാനും,
പിന്നെ ഞാനറിയാത്ത ഞാനും.!

ഞാനറിയുന്ന ഞാനിലൂടെ
ഞാനറിയാത്ത ഞാനിലെക്ക്
ഒരു പഠന യാത്ര....
അതിപ്പോഴും തീര്‍ന്നിട്ടില്ല. 

======= ooo=======

Monday, September 12, 2011

ബന്ധിതം.



ഏത് ആവര്‍ത്തനമാണ്
വിരസതയുണ്ടാക്കാത്തത് ?
എത്ര കേമമായ തുടര്‍ പ്രയോഗങ്ങളും
വല്ലാതെയായാല്‍
ആസ്വാദനം വെറുപ്പില്‍ അവസാനിക്കും.
ഇന്നലെകളില്‍ തുടങ്ങി
ഇന്നിലൂടെ,നാളെകളിലേക്ക് ...
ആവര്‍ത്തിക്കപ്പെടുന്ന ജീവിതം;
എത്ര ആസ്വദിച്ചാലും വെറുക്കപ്പെടുന്നു.
ആസ്വാദനത്തിന്റെ
പുതുവഴികള്‍ തേടേണ്ടി വരുന്നത്
ആസ്വദിച്ച് വെറുത്തതിനാല്‍ അല്ലേ ?
എന്നിട്ടും ഒരു ദിനത്തിന്റെ ആവര്ത്തനത്തിനായി
നാം കാത്തിരിക്കുന്നത്
എന്ത് കൊണ്ടാണ് ?
പ്രതീക്ഷയുടെ നൂലില്‍
സ്വയം കെട്ടിയാടുന്ന ബൊമ്മകള്‍
എന്നാണു
സ്വാതന്ത്ര്യം 'ആസ്വദിക്കുന്നത് '..???

Thursday, August 18, 2011

നന്ദികെട്ടവന്‍


എന്നും ഉദിച്ചസ്തമിക്കുന്നതിന്

സൂര്യനോട് നന്ദി, 'പറയണം' ? !

ഈ നിമിഷങ്ങളില്‍ എന്നെ നിലനിര്‍ത്തുന്നതിന്

ശ്വാസവായുവിനോടു നന്ദി, 'പറയണം' ? !

ഞാന്‍ ചെയ്ത ജോലിക്ക് കൂലി തരുന്നതിനു

മുതലാളിയോട് നന്ദി, 'പറയണം' ? !

വഴി തെറ്റാതെ എത്തിക്കുന്നതിന്

സാരഥിയോട് നന്ദി 'പറയണം' ? !

എന്റെ വാക്കിനു നിങ്ങള്‍ മറുപടി പറയുമ്പോള്‍

നിങ്ങളോട് ഞാന്‍ നന്ദി, 'പറയണം' ? !



സത്യത്തില്‍ ഞാന്‍ മടുത്തിരിക്കുന്നു.........



ജീവിക്കുന്നതിന്‌ ഞാന്‍ എന്നോട്

ഇത് വരെ നന്ദി, 'പറഞ്ഞിട്ടില്ല'. !

അങ്ങനെ എനിക്ക്,ഞാനൊരു നന്ദി കെട്ടവനായി..!!




ആത്മാര്‍ത്ഥതയുടെ നന്ദി 'ബോധത്തെ' തിരസ്കരിച്ച്

ഔപചാരികതയുടെ ഒരു ഒടുക്കത്തെ നന്ദി 'പറച്ചില്‍'.



ഒരു ഹൃദയത്തുടിപ്പ് പോലും സമര്‍പ്പിക്കാതെ

യാന്ത്രികതയുടെ അച്ചില്‍വാര്‍ത്ത നന്ദി 'പറച്ചിലുകള്‍ '.............

കണ്ടുപിടിച്ചത്... ..ഏത്......നന്ദി 'കെട്ട' വനാണ്..??
??


Tuesday, June 21, 2011

മിഥ്യാ സ്വപ്നം

സങ്കല്‍പ്പ പര്‍വ്വതങ്ങള്‍ക്കപ്പുറം
പ്രതീക്ഷതന്‍ അരുണോദയം ;

അരുണ കിരണ മോഹമോടെ
വെമ്പിടും പ്രണയ കമലം ;

സ്വപ്നത്തില്‍ പെയ്യുന്ന മഴയ്ക്ക് ചൂടാന്‍
കമ്പിയൊടിഞ്ഞ കാലന്‍ കുട ;

ഉച്ച നിശ്ശ്വാസങ്ങളുടെ ആരോഹണാ-
വരോഹണങ്ങളില്‍ യാത്ര ചെയ്യാന്‍

പ്രാണഭയത്തീവണ്ടിയില്‍

ആത്മധൈര്യത്തിനു സംവരണച്ചീട്ട് ;

കാലചക്രത്തിന്റെ ആണിപോയി

കാലങ്ങളില്ലാതായി ;

'യമഹ' തെറിച്ചു വീണപ്പോള്‍

തലക്കോട്ട കെട്ടിയിരുന്നില്ല ,

ആശുപത്രിക്കിടക്കയില്‍

കാലനും കാലക്കേട്‌;

ആശയറ്റ പാനീയം

നാലുകാലില്‍ നൃത്തം ചവിട്ടി ;

നഗരത്തിന്റെ കോണുകളില്‍

ആകാശങ്ങള്‍ ഇടിഞ്ഞു;

കഞ്ചനില്‍ കുഞ്ചന്‍ വന്നൂ

കുഞ്ചുവിന്‍ നെഞ്ചകത്തും ;

തെക്കന്‍കാറ്റുവീശിയപ്പോള്‍

ശുഭാപ്തിക്കെട്ടിടം തകര്‍ന്നോ..?

ഇല്ലാ..

സങ്കല്‍പ്പ പര്‍വ്വതങ്ങള്‍ക്കപ്പുറം .....

....ശ്ശെ ....

ഒരു ഉറക്കം വെറുതേ പോയി..!!

Friday, June 17, 2011

മഴയോ മഴ ....


എന്റെ ചുറ്റുവട്ടങ്ങളില്‍ നിന്നും ഒരു മഴ .... :)


Wednesday, June 15, 2011

ഓര്‍മ്മപ്പൊക്കം .

പെയ്തൊഴിയുന്നില്ല...
പൊങ്ങിപ്പൊങ്ങി .....
മുങ്ങിയാണ്ടു പോകുന്നു.
നീന്താന്‍പോലും പറ്റുന്നില്ല..
ഒടുക്കം
കിനാവിന്റെ തോണിയില്‍ പിടിച്ചു കയറിയാണ്
ഞാന്‍ രക്ഷപ്പെട്ടത്.

Tuesday, June 14, 2011

അപ്രിയ സത്യം.

താന്‍ പറയുന്നത് കള്ളമാണെന്ന്
എനിക്ക് ബോധ്യമുണ്ടെന്ന് തനിക്കും;
എനിക്കുമനസ്സിലാകുമെന്ന് തനിക്ക-
റിയാമെന്നു എനിക്കും;
ബോദ്ധ്യമുള്ളപ്പോള്‍ ..
നാം സത്യത്തെ, സത്യത്തില്‍
എന്തിനാണ് ഭയക്കുന്നത് ?!!

Saturday, June 4, 2011

)))))))))) വിഡ്ഢി (((((((((((

കല്ലുരുട്ടിക്കയറ്റിയാ കുന്നിന്റെ
മോളില്‍നിന്നങ്ങു താഴോട്ടുരുട്ടീട്ടു
പൊട്ടിയാര്‍ത്തു ചിരിച്ചവനൊരു വിഡ്ഢി .

അന്തിയോളം കോരി നിറച്ചൊരു
വമ്പന്‍ കുടമതു തട്ടിയുടച്ചിട്ടു
അന്തമില്ലാതെ നോക്കുന്നവന്‍ വിഡ്ഢി .

മഞ്ഞുകട്ടക്കു വര്‍ണ്ണം കൊടുക്കുവാന്‍
കയ്യിലെപ്പണം വാരിക്കൊടുത്തിട്ടു
ചായക്കൂട്ടുകള്‍ വാങ്ങുന്നവന്‍ വിഡ്ഢി .

പത്തു കൊടുത്തിട്ടു നൂറതു വാങ്ങുവാന്‍
ചിട്ടിയില്‍ക്കേറി ഗോപിക്കുറി തൊട്ട്,
ചിട്ടീ മുതലാളി മുങ്ങുന്ന നേരത്ത്
കുന്തിച്ചിരുന്നങ്ങു മോങ്ങുന്നവന്‍ വിഡ്ഢി.

പല്ലിളിച്ചന്നു കാട്ടിയ പെണ്ണിനെ
ബുദ്ധിപൂര്‍വ്വം വളച്ചു തിരിച്ചിട്ടു
പ്രാന്തിയെക്കെട്ടി പൊല്ലാപ്പെടുത്തൊരു
കാമുകന്‍ നല്ല സുന്ദരനാം വിഡ്ഢി.

ഗുരുവിന്‍ പരിഹാസ ഹാസം സഹിക്കാതെ
ശുണ്ഡിയെടുത്തന്നേഴാം തരം നിര്ത്തിയിന്നെ-
ഴുപതിന്‍ ചാക്കെടുക്കുന്നവന്‍ വിഡ്ഢി.

ഒന്നുമില്ലാതെ വന്നു കയറീട്ടു
ആധിവ്യാധികളായിയൊടുങാത്ത
മത്സരത്തോടെ ജീവിച്ചു തീര്‍ത്തിട്ടു
ഒന്നുമില്ലാതെ ചത്തു പോകുന്ന നാം
വിഡ്ഢിയല്ലാ 'വെറും' വിഡ്ഢിയല്ലാ..!!!!

?=? ചിരി ആരോഗ്യത്തിനു ഹാനികരം.?=?



.
.

ചിരിയായ് ചിരിക്കരുതെന്‍ മകനേ

ചിരിയെഴും മനമവര്‍ മുതലെടുക്കും.

ചിരികളില്‍ നമ്പരുതെന്‍ മകനേ

അന്പിലവര്‍ പാഷാണമമ്പയക്കും.

ചിരിയെ ചുരുക്കി മനസ്സിലാക്കാം

ചിരിയത്രയാരോഗ്യ ഹേതുവല്ല .

=================*==================


മൃഗം [വാലില്ലാത്തത് ].


ഇര, ഭയന്ന് വിറക്കുംപോഴും..........
ചോര ചീറ്റിത്തെറിക്കുമ്പോഴും ...........
കണ്ണീരില്‍ പിടഞ്ഞു കരയുമ്പോഴും ..........
നെഞ്ചിടിപ്പില്‍ പതറാതെ,
മസ്തിഷ്കത്തില്‍ സുഖമറിയുന്നവന്‍.
കൈ രണ്ടു പോയാലും,തല തന്നെ പോയാലും
വേദനിക്കാത്ത്തവന്‍.
വേദനയില്‍ സുഖിക്കുന്നവന്‍.

!!??!! വിധി വൈപരീത്യം !!??!!

തര്‍ക്കം,തര്‍ക്കം

ഗംഭീര തര്‍ക്കം.

കവിതയുടെ ഉടമ

കവിയോ ഭാഷയോ ?

വ്യവഹാര മണ്ഡപത്തില്‍

ന്യായാധിപ പ്രഭുക്കള്‍

നിന്ന് വിയര്‍ത്തു.

കവിയെ തഴഞ്ഞാല്‍

ഇനി കവിതകള്‍ കേട്ടില്ലെങ്കിലോ ?

ഭാഷയെ തഴഞ്ഞാല്‍

ശബ്ദം നിലച്ചെങ്കിലോ ?

തര്‍ക്കം,ഗംഭീര തര്‍ക്കം..!

തീര്‍പ്പ് കല്‍പ്പനകള്‍

നാളെ നാളെ,നീളെ നീളെയായി.

ഒടുക്കം ഓടിയൊളിക്കാന്‍

ഇടമില്ലാതായപ്പോള്‍

വിധി തീര്‍പ്പ്‌ വന്നു.

'ക' കവികള്‍ക്കും

'വിത' ഭാഷക്കും.

അന്ന് മുതലാണത്രേ

ഭാഷയില്‍ 'വിതച്ച്'

കവികള്‍

'ക' ഉണ്ടാക്കിത്തുടങ്ങിയത് !!!

.........സ്വതന്ത്ര........


ഇന്നലെകളില്‍
നീ കണ്ടതൊന്നും
ലോകമല്ലെന്നറിയുക

സ്വാതന്ത്ര്യത്തിന്റെ
അനന്തതയില്‍
പാറിക്കളിക്കുക.

രാത്രികളില്‍ ഒറ്റക്ക്
ഉരുചുറ്റാനിറങ്ങുക.
മധുശാലകളില്‍ ചെന്ന്
ആനന്ദ നൃത്തമാടുക.

നിന്റെ സ്വാതന്ത്ര്യത്തിനു
ചേലകളുടെ ഭാരം
തടസ്സമായേക്കാം.
അനുവദിക്കരുത്..


നിന്റെ നിശായാത്രയില്‍
നിനക്ക് കാണാം..
എന്താണ് ലോകമെന്ന്.

നിന്റെ കുതൂഹലങ്ങളുടെ
തടവുകാരിയാവരുത് നീ..

ചില കുതുകികളുടെ
വിഹ്വലതകളും
അപ്പോള്‍ തീര്‍ന്നേക്കാം.

സഹകരണത്തിലൂന്നിയ
ഒരു സ്വാതന്ത്ര്യ സമരം.!!

ആഹാ..

എന്തൊരു സുന്ദര ലോകം.!!!!

0===0====0====0=====0

ഗ്രൂപ്പില്‍ പെടാത്ത ജീവന്‍ .

'അല്ല മാഷേ ങ്ങളേതാ ഗ്രൂപ്പ്? "
.
'എക്സ'ന്റെ യാതൊരു മുഖവുരയുമില്ലാത്ത ചോദ്യം കേട്ട്,പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന 'നോര്‍മലന്‍ 'ഒന്ന് മുഖമുയര്‍ത്തി 'എക്സ'നെ നോക്കി.
.
"എന്തേ?"
.
"ഒന്നുല്ല്യ,മ്മളിപ്പോ എല്ലാം ഓരോ ഗ്രൂപ്പ്...ഗ്രൂപ്പ്..ആണല്ലോ.."
.
"നിക്കങ്ങനെ ഗ്രൂപ്പൊന്നുല്ല്യാ സ്റ്റാ ....മ്മക്ക് മ്മളെ കാര്യം..അതേങ്കിലും നടന്നാ നന്നേരുന്നു."
.
[എക്സന്‍ മനം : നിപ്പം ഇവന്‍ മറ്റവരുടെ ആളാവോ?...ഒന്നുകൂടി നോക്കാം.]
.
എക്സന്‍ : "ഞാനൊരു പാവം 'എക്സ്' ഗ്രൂപ്പുകാരനാണേ...."
.
നോര്‍മ്മലന്‍ : "അയ്ക്കോട്ടേ..ഒരു വിരോധോംല്ല്യാ..ഞാനും ഒരു പാവാണേ..ജീവിച്ചു പൊക്കോട്ടെ..ഹ ഹ ഹ.."
.
[എക്സന്‍ മനം :ജീവിച്ചു പൊക്കോട്ടെ ന്നോ...എന്താ പഹയന്‍ ഉദ്ദേശിച്ചത്..? ]
.
എക്സന്‍ : "ഞങ്ങള്‍ 'എക്സ്' ഗ്രൂപ്പുകാരുടെ ഒരു സമ്മേളനം വരുന്നുണ്ടിട്ടോ....വരണം"
.
നോര്‍മലന്‍ : ശ്രമിക്കാം....ആട്ടെ..സമ്മേളനത്തിന്‌ വല്ല ഉദ്ദേശവും..? "
.
എക്സന്‍ :"എന്ത് ഉദ്ദേശം..നമ്മള്‍ ശുദ്ധ സൗഹൃദം കാത്തു സൂക്ഷിക്കുന്ന ചിലര്‍ ഒത്തുകൂടുന്നു..വര്‍ത്തമാനം പറയുന്നു..പാട്ട് പാടുന്നു..കലാ പരിപാടികള്‍ ഉണ്ടെങ്കില്‍ അതും ആകാം...ഭക്ഷണം കഴിക്കുന്നു ..നമസ്കാരം പറഞ്ഞു പിരിയുന്നു.അത്ര തന്നെ.."
.
നോര്‍മ്മലന്‍ : "ശുദ്ധ സൗഹൃദം..ഇന്ന് കാണാന്‍ കിട്ടിണില്ല്യ..അത് വളര്‍ത്തുന്നത് വളരെ നല്ലതെന്നെ..ഞാന്‍ തീര്‍ച്ചയായും വരാന്‍ ശ്രമിക്കാം.തിപ്പം എവിടുന്നാ ...എന്നാ..?
.
എക്സന്‍ : "അടുത്ത മാസം ഒന്നാന്ത്യന്നെ..കേരളത്തില്‍ തന്നെ.."
.
[നോര്‍മ്മലന്‍ മനം: അപ്പൊ...മലബാറിലല്ല...ഹും..]
.
അങ്ങനെ നോര്‍മ്മല കുമാരന്‍ എക്സന്‍ സമ്മേളനത്തിനു പോയി.
.
സ്മോള്‍ എക്സന്‍ : "ഞാനെത്രയോ തവണ മലബാറ് ഭാഗത്തൊക്കെ വന്നിട്ടുണ്ട്.എല്ലാം ശുദ്ധ ഗതിക്കാരാ..എനിക്കിഷ്ടാ..."
.
നോര്‍മലന്‍ : "ശുദ്ധഗതികൊണ്ട് ഇപ്പോള്‍ ജീവിക്കാന്‍ വയ്യാതായിരിക്കുന്നു..ഹ ഹ .."
.
എക്സ് സ്ക്വയറന്‍ :"സത്യത്തില്‍ ഇന്നീ ശുദ്ധഗതികൊണ്ടോന്നും ഒരു കാര്യവുമില്ല."
.
എക്സ് തീറ്റ :"സത്യം...ഹും...ഈ സത്യം എന്നത് ആപേക്ഷികമാണെന്നാണ് എന്റെ പക്ഷം.."
.
[നോര്‍മ്മലന്‍ മനം : അപ്പപ്പിന്നെ സൌകര്യത്തിനനുസരിച് അപേക്ഷിച്ചാല്‍ മതീലോ ല്ലേ....മിടുക്കന്മാര്‍ ]
.
എക്സ് ക്ലുസീവര്‍ : " എന്താ നോര്‍മ്മലാ ഒരു കള്ളച്ചിരി..ഉം..? "
.
നോര്‍മ്മലന്‍ : " ഏയ്...ഒന്നുമില്ല....അത്... "
.
പറഞ്ഞു മുഴുവനാക്കുന്നതിനു മുന്‍പ്‌ നോര്‍മ്മലന്റെ മൊബൈല്‍ ഫോണ്‍ പാട്ട് പാടി..
.
"ഹലോ.."
.
മൊബൈല്‍ ചെവിയില്‍ വെച്ച്കൊണ്ട് നോര്‍മ്മലന്‍ കൂട്ടത്തില്‍ നിന്നും അകലേക്ക് പോയി.
.
തിരിച്ചു വന്നപ്പോള്‍ ..
.
എക്സ് ക്ലുസീവര്‍ :"എപ്പഴും ബിസിയാണല്ലേ നോര്‍മ്മലാ..."
.
നോര്‍മലന്‍ : " അങ്ങനൊന്നുല്ല്യ ...വൈയ്യന്‍ എന്നൊരു സുഹൃത്ത് വിളിച്ചതാ..അവന്‍ ഒരു പരിപാടിയെ പറ്റി പറഞ്ഞിരുന്നു.ഓര്‍മ്മിപ്പിക്കാന്‍ വിളിച്ചതാ.എന്തായാലും അവന്‍ വിളിച്ചത് നന്നായി..കുറേ മുമ്പേ പറഞ്ഞതാ...ഞാന്‍ മറന്നു തുടങ്ങിയിരുന്നു."
.
എക്സ് ക്ലുസീവര്‍ : "ഉം..ആ വൈ ഗ്രൂപ്പുകാരുടെ നേതാവ് വൈയ്യന്‍ ആണോ..? "
.
നോര്‍മ്മലന്‍ :"അതേ..പണ്ടുമുതലേ എന്റെ ഒരു സുഹൃത്താണ് പുള്ളി.."
.
[എക്സ് ക്ലുസീവര്‍ മനം :ഇത് മറ്റവന്റെ ആള് തന്നെ..]
.
എക്സ് ക്ലുസീവര്‍ :"ഞങ്ങളിപ്പം വരാട്ടോ..ഒരു മിനിറ്റ്.."
.
നോര്‍മ്മലന്‍ : "ആയ്ക്കോട്ടെ..."
.
എക്സനും,സ്മോള്‍ എക്സനും,എക്സ് സ്ക്വയറനും,എക്സ് തീറ്റയും,എക്സ് ക്ലുസീവറുമെല്ലാം മറ്റൊരിടത്തേക്ക് മാറി നിന്നു .
.
എക്സന്‍ : "അന്ന് ക്ഷണിക്കുംപഴേ ഇവനെ എനിക്ക് സംശയമുണ്ട്...പണ്ടാരക്കാലന്‍ .."
.
എക്സ് ക്ലുസീവര്‍ :"സംശയോന്നല്ല..എനിക്കുറപ്പാ..ഇവന്റെ ഉദ്ദേശം വേറെയാ.."
.
എക്സ് സ്ക്വയറന്‍ : "തീര്‍ച്ചയായും ഒരു പണി കൊടുക്കണം.."
.
ബാക്കി എല്ലാ 'എക്സി' കളും : "വേണം...വേണം.."
.
എല്ലാവരും സാവധാനം നോര്‍മ്മലന്റെ അടുത്തേക്ക് തന്നെ എത്തി..
.
എക്സന്‍ : "നോര്‍മ്മലാ,...ഞങ്ങള്‍ സാവധാനമേ പോകുന്നുള്ളൂ..ഒരുമിച്ചിറങ്ങിയാല്‍ പോരെ....? "
.
നോര്‍മ്മലന്‍ :"യ്യോ..അത് ശരിയാവില്ല..എനിക്ക് കുറേ പോവാന്‍ളളതാ..നാളെ രാവില്യാവും..അവിടെത്താന്‍ .."
.
എക്സ് തീറ്റ :"ശ്ശോ...എന്നാല്‍ ഒരുമിച്ചൊരു ചായ കുടിച്ച് പിരിയാം "
.
നോര്‍മ്മലന്‍ :"അയ്ക്കോട്ടെ..സന്തോഷം.."
.
ചായ കുടിക്കുന്നതിനിടയില്‍ ...
.
എക്സ് തീറ്റ :"കടിയായി ഞങ്ങള്‍ കുറച്ച് പഴംപൊരി വാങ്ങി...ഇതാ സ്നേഹപ്പഴം പൊരിച്ചെടുത്തത്..സ്വീകരിച്ചാലും.."
.
നോര്‍മ്മലന്‍ : "ഹൊ....ഹ്ഹോ...അവന്റൊരു അച്ചടി സാഹിത്യം..സഹിക്കാന്‍ വയ്യ..ഹ ഹ.."
.
നോര്‍മ്മലന്‍ പഴംപൊരി വാങ്ങി വായില്‍ വെച്ചു..
.
നോര്‍മ്മലന്‍ :"........അ: ..ആ................."
.
നോര്‍മ്മലന്റെ വായ്ക്കുള്ളില്‍ നിന്നും നന്നായി ചോര വരാന്‍ തുടങ്ങി..പഴംപൊരിയില്‍ നിന്നും വായ്ക്കുള്ളില്‍ തറച്ച കുപ്പിച്ചില്ല് നോര്‍മ്മലന്‍ തോണ്ടിയെടുത്തു..
.
എക്സന്‍ : "ഈശ്വരാ...ഇതെങ്ങനെ സംഭവിച്ചു....വേഗം വന്നേ..നമുക്ക് ആസ്പത്രിയില്‍ പോകാം.."
.
നോര്‍മ്മലന്‍ :"അതൊന്നും വേണ്ട,വായ കഴികി കുറച്ചു കഴിഞ്ഞാല്‍ ചോര വരുന്നത് നില്‍ക്കുമായിരിക്കും.....എന്തായാലും നാട്ടിലെത്തിയിട്ട് ഞാന്‍ ഡോക്ടറെ കാണിച്ചോളാം.
.
സ്മോള്‍ എക്സന്‍ :"പോയിസണ്‍ ണ്ടാവും ട്ടോ.."
.
നോര്‍മ്മലന്‍ : "ഉം.."
.
പോകുന്നതിനു മുന്‍പ്‌ എന്തോ ശക്തമായി തന്റെ പുറത്ത് തുളച്ചു കയറിയതായി നോര്‍മ്മലന്‌ തോന്നി.....പക്ഷേ...എത്ര നോക്കിയിട്ടും ഒന്നും കണ്ടില്ല..ഒരു കുത്തുന്ന വേദന മാത്രം.
.

കുറച്ച് ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി.വൈയ്യനും കൂട്ടരും നടത്തുന്ന പരിപാടിയുടെ ദിനം വന്നെത്തി...രാവിലെ തന്നെ നോര്‍മ്മലന്‍ സ്ഥലത്തെത്തി.
.

"എന്റെ നോര്‍മ്മലാ.."
.
കവാടത്തില്‍ നിന്നിരുന്ന വൈയ്യന്‍ നോര്‍മ്മലനെ കെട്ടിപ്പിടിച്ചു.
.
"ദേ..ഇതാണ് നോര്‍മ്മലന്‍ ..എന്റെ പുന്നാര സുഹൃത്ത്...ശുദ്ധന്‍ .."
.
വൈയ്യന്‍ സ്മോള്‍ വൈയ്യനും,വൈക്ക്യൂബനും,വൈ തീറ്റര്‍ക്കും,വൈകൃതനും പിന്നെ വൈകുമാരിക്കും നോര്‍മ്മലനെ പരിചയപ്പെടുത്തി.കെട്ടിപ്പിടിച്ചപ്പോള്‍ പണ്ട് തുടങ്ങിയ പുറത്തെ വേദന ഒന്നുകൂടി കൂടി.നോര്‍മ്മലന്‍ വീണ്ടും തടവി നോക്കി.ഒന്നും തറച്ചതായി കാണുന്നില്ല.
.
വൈതീറ്റര്‍ : "നോര്‍മ്മലന്‍ ..എവിടെയായിരുന്നു സ്ഥലം..? "
.
നോര്‍മ്മലന്‍ :"വടക്കോട്ടാ..മലബാറ് ഭാഗത്താ.."
.
[വൈതീറ്റര്‍ മനം: ഉം...ഉം...കളി നമ്മളോടു വേണ്ടാ...]
.
വൈതീറ്റര്‍ :"എന്ത് തെക്കും വടക്കും..മ്മക്ക് സൗഹൃദാണ് വലുത്...കലര്‍പ്പില്ലാത്ത ശുദ്ധ സൗഹൃദം."
.
നോര്‍മ്മലന്‍ :"അതേ..ഇന്നു മായല്ല്യാത്ത ഒന്നും കിട്ടാന്‍ പോലും ല്ല്യാ..സൗഹൃദം പോലും.ഇന്നാളു 'എക്സ്' ഗ്രൂപ്പിന്റെ പരിപാടിക്ക് ഞാന്‍ പോയിരുന്നു.അവിടേം ദന്ന്യാ ഏല്ലാവര്‍ക്കും പറയാനുള്ളത്."
.
[വൈയ്യന്‍ മനം :അത് ശരി...ഇനിപ്പം ഇവന്‍ അവരുടെ ആളാവ്വ്വോ...? ]
.
വൈയ്യന്‍ :"എക്സന്മാരുടെ ശുദ്ധത ഒന്നും പറയണ്ടാ..അവരെ നമക്ക് ഒരു പാഠം പഠിപ്പിക്കണം.."
.
വൈ ക്യൂബന്‍ :""സത്യം ന്ന് പറേണത് അവര്‍ക്ക് തൊട്ടു തെറിപ്പിച്ചിട്ടില്ല..കാട്ടു കള്ളന്മാരാണൊക്ക്യേം.."
.
സ്മോള്‍ വൈയ്യന്‍ :.."ഹും..സത്യം...ഈ സത്യം എന്ന് പറഞ്ഞാല്‍ ..അതൊക്കെ നമ്മുടെ കാഴ്ചപ്പാടു പോലിരിക്കും."
.
വൈയ്യന്‍ : "അതേ...അതാണതിന്റെ ശരി.."
.
[നോര്‍മ്മലന്‍ മനം : എന്റെ ഭഗവാനേ...നീയാരാ..???]
.
വൈ ക്യൂബന്‍ :"ഇത് നല്ല സ്റ്റൈലന്‍ ഷര്‍ട്ടാണല്ലോ നോര്‍മ്മലാ.."
.
നോര്‍മ്മലന്‍ : "ഉവ്വോ...വാങ്ങീട്ട്‌ അധികം ആയിട്ടില്ല.ഇന്നാള് 'എക്സ്' കാരുടെ ഒരു പരിപാടി ഉണ്ടായിരുന്നല്ലോ..അന്നാണ് ആദ്യമായി ഇടുന്നത്."
.
വൈകൃതന്‍ : "എന്തായാലും കൊള്ളാം...നന്നായി ചേരുന്നുണ്ട്..."
.
[വൈകൃതന്‍ മനം : നിനക്ക് കൊള്ളിച്ച് തരാമെടാ,എക്സന്മാര്‍ക്ക് വേണ്ടി വന്നവനെ..]
.
വൈകൃതന്‍ :"നോര്‍മ്മലാ..ഇപ്പം വരാട്ടോ.."
.
നോര്‍മ്മലന്‍ :"ശരി ശരി.."
.

വൈകൃതന്‍ : "ങ്ങളൊക്കെ ഒന്ന് വന്നേ..."
.
പ്രഖ്യാപിത 'വൈ' ഗ്രൂപ്പുകാരെല്ലാം ചെറുതായി ഒന്ന് കൂട്ടം കൂടി.
.
വൈകൃതന്‍ :"അതേ..ഇവന്‍ ..എനിക്ക് ബോദ്ധ്യമായി..മറ്റവരുടെ ആളാ.."
.
വൈക്യൂബന്‍ :"എനിക്കും തോന്നി..എന്ത് പറഞ്ഞാലും ഒരു 'എക്സ്' ഗ്രൂപ്പ്.."
.
വൈകുമാരി : "അതിനൊരു പണിണ്ട്..".
.

വൈകൃതന്‍ :"നോര്‍മ്മലാ....വൈകീട്ടെന്താ പരിപാടി..?"
.
നോര്‍മ്മലന്‍ :"ഏയ്..ആ പരിപാടിക്ക് ഞാന്‍ ല്ല്യാ.."
.
വൈക്യൂബന്‍ :"ഹ ഹ ഹ...ന്റെ നോര്‍മ്മലാ...(നോര്‍മ്മലന്റെ മുതുകില്‍ ചെറുതായി ഒരടിയടിച്ചു..)
.
നോര്‍മ്മലന്‍ : "എന്നാല്‍ ഞാന്‍ മെല്ലെ അങ്ങട്ടിറങ്ങട്ടെ..ഇനീം വൈകിയാല്‍ ഒക്കില്ല".
.
വൈകുമാരി :"ശരി..ഇതാ ഒരു സ്നേഹ സമ്മാനം.."
.
നോര്‍മ്മലന്‍ :"ആയ്ക്കോട്ടെ.."(ഒന്നും ചിന്തിക്കാതെ ചിരിച്ച് കൊണ്ട് കൈനീട്ടി വാങ്ങി..)
.
നോര്‍മ്മലന്‍ :"...വ്വൂ..."
.
വൈകുമാരി:"യ്യോ..അതിന്റെ മുള്ളുള്ള ഭാഗത്താണോ പിടിച്ചത്..ശ്രദ്ധിക്കണ്ടേ.."
.
നോര്‍മ്മലന്‍ : "സാരല്ല്യ"
.
വൈകൃതന്‍ :"അതിന്റെ ഇതളെല്ലാം കൊഴിഞ്ഞിരിക്കുന്നല്ലോ..മണവും സൌന്ദര്യവുമില്ലാത...'ശ്മശാന പുഷ്പം'..ഹ ഹ ഹ....എന്താ വൈകുമാരീ ഇത്..? "
.
നോര്‍മ്മലന്‍ :"ഏ.....അതൊന്നും പ്രശ്നല്ല...പോട്ടെ.."
.
തന്റെ നെഞ്ചിന്റെ ഭാഗത്ത്‌ എന്തോ ആഴ്‌ന്നിറങ്ങിയ പോലെ നോര്‍മ്മലന്‌ തോന്നി.നല്ല കടച്ചില്‍ ....പക്ഷേ...ഒന്നും കാണാനില്ല.പുറത്തെ വേദന ആദ്യമേ ഉണ്ട്.
റെയില്‍വേ സ്റ്റേഷനില്‍ ചെന്നന്ന്വേഷിച്ചപ്പോള്‍ ട്രെയിനൊന്നും ഇല്ല..ബസ്സിനു പോകാം എന്ന് കരുതി.
.
ഹ്ഹോ...വേദന സഹിക്കാനാവുന്നില്ല..
.
ബസ് എടപ്പാളു കഴിഞ്ഞു....ഓരോരോ സ്റ്റോപ്പുകള്‍ പിന്നിട്ടുകൊണ്ടിരിക്കുന്നു...വേദന കടിച്ചമര്‍ത്താനാകാതെ എന്തോ ഭ്രാന്തമായ അവസ്ഥയിലെത്തുന്ന പോലെ 'നോര്‍മ്മല'ന്‌ തോന്നി.
അടുത്ത സ്ടോപ്പ് തൃക്കണാപുരം..ഇവിടെ ഇറങ്ങി മുന്നോട്ടു നടന്നാല്‍ കുറ്റിപ്പുറം പാലത്തിന്റെ സമീപമെത്തും..അവിടെ ഇപ്പോള്‍ വളരെ അപൂര്‍വ്വമായി ഭാരതപ്പുഴ നിറഞൊഴുകുന്നുണ്ട്.
സീറ്റില്‍ നിന്നെഴുന്നേറ്റു വേഗം ബസ്സിന്റെ വാതിലിനടുത്ത് ചെന്നു.
.
"ഇവിടെ ഇറങ്ങണം"
.
കണ്ടക്ടര്‍ : "അതിനു നിങ്ങളുടെ ടിക്കറ്റ് ഇവിടേക്കല്ലല്ലോ..?"
.
നോര്‍മ്മലന്‍ :"എനിക്കിവിടെ ഇറങ്ങണം.ഒരാവശ്യമുണ്ട് ."
.
കണ്ടക്ടര്‍ ബെല്ലടിച്ചു.
.
കണ്ടക്ടര്‍ :"ബാക്കി തരാന്‍ ചില്ലറ..പ്രശ്നാണ്..തത്ക്കാലം ഇതിരിക്കട്ടെ.."
.
നോര്‍മ്മലന്‍ : "ഏയ് അതൊന്നും വേണ്ടാ ..എല്ലാം ങ്ങളെന്നെ എടുത്തോള്ളൂ"
.
[നോര്‍മ്മലന്‍ മനം:മുറി മൂക്കന്‍ രാജാവ്]
.
എന്തൊക്കെയോ നോര്‍മ്മലന്റെ മനസ്സില്‍ ഉരുണ്ടു കൂടാന്‍ തുടങ്ങി..അതിശക്തമായി കാറ്റ് വീശി....മഴ ഇപ്പോള്‍ പെയ്യും..ദാ..പെയ്ത് തുടങ്ങി..
മഴയത്ത് ഒരു കൂസലുമില്ലാതെ നടക്കുന്ന നോര്‍മ്മലനെ കണ്ട്‌ ആ വഴി കുടയുമായി വന്ന ഒരു വിദ്യാര്‍ത്ഥി കുടയില്‍ കൂടിക്കോളാന്‍ പറഞ്ഞു.
.
നോര്‍മ്മലന്‍ : "താനേതാ..?? "
.
വിദ്യാര്‍ത്ഥി:"ഞാന്‍ ചിന്തുമോന്‍ ,ഇവിടെ ഈ എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്നു."
.
നോര്‍മ്മലന്‍ :"എന്നാല്‍ വാ..ചിലത് ഞാനും പഠിപ്പിച്ച് തരാം.....പിന്നെ..നീന്താന്‍ മാത്രം എനിക്കറിയില്ല..ഹ ഹ ഹ.."
.
നോര്‍മ്മലന്റെ കണ്ണുകള്‍ ചുവന്നിരുന്നു..ഭ്രാന്തമായ രീതിയിലുള്ള സംസാരവും പെരുമാറ്റങ്ങളും കണ്ട്‌ ചിന്തുമോന്റെയുള്ളില്‍ ആകെ ഭയം നിറഞ്ഞു.
.
നോര്‍മ്മലന്‍ :"മഴ കൊണ്ടാല്‍ ആകാശം ഇടിഞ്ഞു വീഴുമോ..?"
.
ചിന്തു മോന്‍ :"..ഉം....അത്....ല്ലാ."
.
നോര്‍മ്മലന്‍ :"ന്നാ വലിച്ചെറിയടാ കുട ..നീ വെയിലിന്റെ ഗ്രൂപ്പുകാരനാണോ....ആണോടാ..?? "
.
ഇതും പറഞ്ഞു നോര്‍മ്മലന്‍ ആ കുട പിടിച്ചു വാങ്ങി ദൂരേക്ക്‌ വലിച്ചെറിഞ്ഞു.
.
ചിന്തു മോന്‍ :"എനിക്ക് ഒന്ന് ഹോസ്റ്റലിലെക്ക് തിരികെ പോണം..ഒരു സാധനം എടുക്കാന്‍ മറന്നു.."
.
നോര്‍മ്മലന്‍ :"ഞാന്‍ ആദ്യമേ തന്നോടു ചിലത് പഠിപ്പിക്കാനുണ്ട് എന്ന് പറഞ്ഞില്ലേ...ഇല്ലേ....ഇല്ലേ...ഇല്ലേ....ഇല്ലേ....????"
.
ചിന്തുമോന്‍ : ആഉ.....അ..അത്......ആ ...വ്വ്."
.
നോര്‍മ്മലന്‍ :"എന്നാല്‍ നീ എന്റെ ശിഷ്യനാണ്..മര്യാദക്ക് എന്റെ കൂടെ വന്നോളണം."
.
അതി കഠിനമായ,ഭ്രാന്തമായ ആ പറച്ചിലിനെ ധിക്കരിക്കാന്‍ ചിന്തു മോന് ആയില്ല...എന്തോ..തോന്നിയില്ല..കുടയില്ലാതെ..മഴയത്ത് നോര്‍മ്മലനും ചിന്തുമോനും.
മഴ കനത്തു.തുള്ളിക്കൊരു കുടം പേമാരി എന്നപോലെ...മഴയും നോര്‍മ്മലനും ഭ്രാന്തമായി ചുവടുകള്‍ വെച്ചു.
.
നടന്നു നടന്നു പാലത്തിനടുത്തെത്തി..പെട്ടെന്ന് നോര്‍മ്മലന്റെ വിധം വീണ്ടും മാറി..
.

"ഓയേ..............ഓ...........ഹ ഹ .......ഹ ഹ ഹ ...ഓയേ.....ഓ..."
.

ഇങ്ങനെ ആര്‍ത്തട്ടഹസിച്ചുകൊണ്ട് പാലത്തിന് അപ്പുറത്തേക്കും ഇപ്പുറത്തെക്കും മൂന്നുവട്ടം ഓടി..
ആകെ പകച്ചുപോയ ചിന്തുമോനെയും കൊണ്ട് പാലത്തിന് നടുക്കുവരെ നടന്നു....വാഹനങ്ങളെല്ലാം പാലത്തിന് അപ്പുറവും ഇപ്പുറവുമായി നിര്‍ത്തി.ആകെ ബ്ലോക്കായി..ഏതോ ഭ്രാന്തന്‍ പ്രശ്നമുണ്ടാക്കുന്നു എന്ന് കേട്ട് ഇരു കരയിലും ആളുകള്‍ തടിച്ച് കൂടി..പക്ഷേ ആരും അടുത്തില്ല..
.

വളരെ പകച്ചുകൊണ്ട് ചിന്തുമോന്‍ ഇടറിയ ശബ്ദത്തില്‍ ചോദിച്ചു.
.
"എന്താ പെട്ടെന്ന് ..ഇങ്ങനെയൊക്കെ..."
.
നോര്‍മ്മലന്‍ : " ഞാന്‍ ലഹരിയിലാണ്...അത്ത്യപാര ലഹരി..വേദനയുടെ ലഹരി..ഞാന്‍ അറിയാതെ ആടിയുറഞ്ഞ്‌ പോകുകയാണ്...ആ...ഹ ഹ..."
.
ഒരു കോമരം തുള്ളുന്നതിനേക്കാള്‍ ഗംഭീരമായി ,നോര്‍മ്മലന്‍ ഉറഞ്ഞു തുള്ളാന്‍ തുടങ്ങി..
.
ചിന്തുമോന്‍ :"എന്ത് വേദന?.."
.
നോര്‍മ്മലന്‍ തുള്ളല്‍ ഒന്ന് നിര്‍ത്തി..കണ്ണ് തുറിച്ച് നോക്കിക്കൊണ്ട്..ഇരു കരയും കേള്‍ക്കുമാറ് ..ഉച്ചത്തില്‍ ....തിമിര്‍ത്ത് പെയ്യുന്ന മഴയുടെ ശബ്ദത്തിനും ഉച്ചത്തില്‍ ...
.
"അറിയണം.....അല്ലേ...."
.
"എന്നെ തൊട്ടു നോക്ക്...എന്റെ ശരീരത്തിലേക്ക്..."
.
ചിന്തുമോന്‍ പടക്കത്തിന് തീകൊടുക്കാന്‍ പോകുന്നപോലെ..ഒന്ന് തൊട്ടു..
.
"യ്യോ...ഇതെന്താ..നെഞ്ചിലും പുറകിലും...ആരോ കത്തി കുത്തിയിറക്കിയിരിക്കുന്നല്ലോ.."
.
"ആ...ഒന്ന് സൂക്ഷിച്ച് നോക്ക്...ഇത് ഇരുമ്പിന്റെ കത്തിയൊന്നുമല്ല."
.
"പിന്നെ.."
.
"വെറുപ്പിന്റെ മൂശയില്‍ പണിത..സംശയത്തിന്റെ കത്തിയാണിവ".
.
ചിന്തുമോന് ആകെ തലച്ചുറ്റുന്നപോലെ തോന്നി..
.
"ഹ ....ഹ ...ഹാ.....ഹി ഹീ.......ഹു ഹൂ....ഹീ...."
.
നോര്‍മ്മലന്‍ വീണ്ടും പാലത്തിന് ഇരു ഭാഗത്തേക്കും ഓടി..
.
"എടോ ..താന്‍ പറ...ആ കാണുന്നതെന്താ..??"
.
ചിന്തുമോന്‍ :"അക്കരെ".
.
നോര്‍മ്മലന്‍ :"അങ്ങനെയല്ലാ.....ആ കാണുന്നതൊക്കെ അക്കരെ ഗ്രൂപ്പ്..ഈ കാണുന്നതൊക്കെ ഇക്കരെ ഗ്രൂപ്പ്....ഹ ഹ ഹ...."
.
വീണ്ടും ഓടി...പക്ഷേ..ഇക്കുറി ചിന്തുമോനെയും കൊണ്ടാണ് ഓടിയത്....
.
ഒരു ഭാഗത്ത് ചെന്നുകൊണ്ട്
.
"ആ കാണുന്നതെന്താ..?"
.
"അക്കരെ"
.
വീണ്ടും ഓടി..മറുഭാഗത്തേക്ക്....
.
"ആ കാണുന്നതെന്താ..?"
.
"അക്കരെ"
.
"ഡാ....വിവരമില്ലാത്തവനെ...അപ്പോള്‍ എവിടെയാണടാ ശരിക്കും ...തന്റെ...അ...ക്ക രെ..??"
.
"അത്...അത്...അതിപ്പം എങ്ങനെ പറഞ്ഞുതരണം എന്ന് സംശയമാണ്.."
.
"പറയേണ്ടടാ...പറയേണ്ട..രണ്ടു കരയും സം..ശയ മാണ്‌..ഇക്കരെ നിന്നാല്‍ അക്കരെ പച്ച...ഹ ഹ ഹ.."
.
"ആട്ടേ..രണ്ടു കരയും സംശയം...അപ്പോള്‍ ..ഈ പാലം എന്താണെന്റെ പുന്നാര ചിന്തുമോനേ.....?
.
"അത്...പാലം.....ഒരു സങ്കല്‍പ്പമായിരിക്കും "
.
"ഹ ഹ ഹ.....മിടുക്കന്‍ ...ചിന്തുമോന്‍ നന്നായി ചിന്തിക്കുന്നുണ്ടേ.................
.
പരസ്പരം സംശയിക്കുന്നവര്‍ക്കിടക്ക് ,സൗഹൃദത്തിന്റെ പാലം തീര്‍ക്കാം എന്നത് .....അതൊരു സങ്കല്പം മാത്രമാണെന്റെ പൊട്ടാ........ഹ ഹ ഹ..."
.
നോര്‍മ്മലന്‍ വീണ്ടും ആര്‍ത്തട്ടഹസിച്ചു കൊണ്ട് പാലത്തിന് ഇരു ഭാഗത്തേക്കും ഓടി....എന്നിട്ട്..നടുക്ക് നിന്നു..
.
ഉറഞ്ഞു തുള്ളിക്കൊണ്ട്..
.
"ടാ...ടാ..ടാ...നമ്മളിപ്പോള്‍ നില്‍ക്കുന്നത് എവിടെയാ..?"
.
"പാലത്തിന്മേല്‍ "
.
"അതല്ലടാ പൊട്ടാ......ചോദിച്ചത്....ഏത് കരയില്‍ ആണ് നില്‍ക്കുന്നതെന്ന്.."
.
"മദ്ധ്യത്തില്‍ .."
.
"ഹാ..മിടുക്കന്‍ ..മിടുക്കന്‍ ..അപ്പോള്‍ നമ്മളിപ്പോള്‍ പരസ്പരം..'മദ്ധ്യേയിങ്ങനെ' കാണുകയാണ്..മനസിലായോ.." ?
.
"ഉ..ഊ....ഉം.."
.
"പൂന്താനം പറഞ്ഞത് കേട്ടിട്ടില്ലേ..
.

"മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ".........
.
ഓയേ..............ഓ...........ഹ ഹ .......ഹ ഹ ഹ ...ഓയേ.....ഓ..."
.

നോര്‍മ്മലന്‍ വീണ്ടും ഓടുന്നു...ചാടുന്നു.....തലകുത്തി മറിയുന്നു..തിമിര്‍ത്ത് പെയ്യുന്ന മഴയുടെ ശബ്ദത്തിനും നിരന്തരം ഹോണടിച്ച് അലമ്പുണ്ടാക്കുന്ന വാഹനങ്ങളുടെ ശബ്ദത്തിനും,ഇരു കരയില്‍ നിന്നും കൂക്കി വിളിക്കുന്ന നാട്ടുകാരുടെ ശബ്ദത്തിനും എല്ലാം ഉച്ചത്തില്‍ ..പാടുന്നു..
.

"മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ".....
.

"ഹ ഹ ഹ..."
.
ഇങ്ങനെ പാടിക്കൊണ്ട് നോര്‍മ്മലന്‍ കൂലംകുത്തിയൊഴുകുന്ന പുഴയിലേക്ക് എടുത്തു ചാടി.

.

================ശുഭം===================

ഗദ്ഗദ ചിത്രങ്ങള്‍ .


വെറുതേ കരയുവാന്‍ നേരമില്ലാ

കരയുവാന്‍ കണ്ണുനീരൊട്ടുമില്ലാ.

ആകെ വിശന്നു തളര്‍ന്നതാണേ

ഇനിയൊട്ടു കരയുവാന്‍ ത്രാണിയില്ലാ.

എന്നുടെ കുട്ടനു ചോറു നല്‍കാന്‍

ഇന്നെനിക്കാവുകയില്ല തന്നേ.

ഒരു തുട്ടു നാണയമേകിയാലും

കനിവിന്റെ ധര്‍മ്മമിന്നേകിയാലും.

അന്നൊരു രാത്രിയിലെന്റെ തോഴന്‍

എന്നെത്തനിച്ചാക്കി യാത്രപോയീ.

ഒക്കത്തെടുക്കുവാനായി നല്ല

സമ്മാനവും നല്‍കി യാത്രപോയീ.

നാടായ നാടൊക്കെ ചെന്നു വേല

ചെയ്തു ഞാനഷ്ടിയായ് വീട് പോറ്റീ.

അരിമണി,പഞ്ചാരയെന്നുവേണ്ടാ

എല്ലാവിലകളുമേറി പിന്നെ.

ഉണ്ണിതന്‍ പൊട്ടിക്കരച്ചില്‍ കേട്ടു

സ്തബ്ടവദനയായ് നിന്ന നേരം,

വീടിന്‍ കടലാസെടുത്തു പിന്നേ

വട്ടിപ്പലിശക്കു പാണി നീട്ടീ.

അന്നൊരു നാളിതാ വന്നിടുന്നൂ

നാടിന്‍ വികസന കാഹളങ്ങള്‍ .

വീടും പറമ്പും കുളവുമെല്ലാം

ഉദ്യോഗ ശാലക്കു വേണമെത്രേ.

നഷ്ട പരിഹാരമായി നന്നായ്

കയ്യില്‍ പണമതു കിട്ടുമത്രേ.

വട്ടിപ്പലിശക്കഴുകനപ്പോള്‍

ആധാരവും കൊണ്ടു ചെന്നുവത്രേ.

അമ്പോ, കൊലച്ചതി,വഞ്ചകന്മാര്‍

എന്നുടെ സര്‍വ്വവും കൈക്കലാക്കി.

വീടും പറമ്പും കുളവുമില്ലാ

നഷ്ട പരിഹാര മൊട്ടുമില്ലാ.

ആകെ പെരുവഴിയായി മോനെ,

എന്തെങ്കിലും തന്നു കാത്തീടണേ.

വെറുതേ കരയുവാന്‍ നേരമില്ലാ

കരയുവാന്‍ കണ്ണുനീരൊട്ടുമില്ലാ

ആകെ വിശന്നു തളര്‍ന്നതാണേ

ഇനിയൊട്ടു കരയുവാന്‍ ത്രാണിയില്ലാ.

എന്നുടെ കുട്ടനു ചോറു നല്‍കാന്‍

ഇന്നെനിക്കാവുകയില്ല തന്നേ.

ഒരു തുട്ടു നാണയമേകിയാലും

കനിവിന്റെ ധര്‍മ്മമിന്നേകിയാലും.

ആകെ പെരുവഴിയായി മോനെ,

എന്തെങ്കിലും തന്നു കാത്തീടണേ.

എന്തെങ്കിലും തന്നു കാത്തീടണേ.

എന്തെങ്കിലും തന്നു കാത്തീടണേ.

വിശുദ്ധ യുദ്ധം.


ചക്രം തിരിഞ്ഞു

വീണ്ടും തിരിഞ്ഞു.

എഴുന്നൂറും എണ്പതും

ആറും തിരിഞ്ഞു.

കൂടെ വന്നൂ..

ഒരു ഇരുട്ട്.

തകര്‍ന്നടിഞ്ഞൂ

സ്നേഹ ദേവാലയങ്ങള്‍.

ഉയര്‍ന്നതോ വെറുപ്പ്

മൂടിപ്പുതച്ച വെള്ളിമിനാരങ്ങള്‍.

ഋഷികുലം നടുങ്ങി.

കാഷായാമിട്ട സാധുവിന്‍ നെഞ്ചിലും

അന്ധതാ ഖഡ്ഗങ്ങള്‍ ആഴ്ന്നിറങ്ങി.

പക്ഷെ.................

സ്നേഹ,സനാതന മന്ത്രം പഠിച്ചവര്‍

തോല്‍ക്കാന്‍ പഠിച്ചിട്ടു വേണ്ടേ..?? ! !

വിണ്ണില്‍നിന്നൊരു മന്ത്രം,അവര്‍തന്‍

കര്‍ണ്ണ പുടങ്ങളിലലയടിച്ചൂ .

ഐക്യ മന്ത്രം,ഐക്യ താരക മന്ത്രം.!!

മണ്ണില്‍ തെറിച്ച സ്നേഹമുത്തുകള്‍

പെറുക്കിയെടുത്തവര്‍

ജ്ഞാന നൂലിനാല്‍ ഒരു മാല കെട്ടി.

അത്ഭുതങ്ങളുടെ ജപമാല.

ജ്ഞാന ഖഡ്ഗം ലഭിച്ചൂ,ചുരികയും

പരിചയും എല്ലാം ഭവിച്ചു...

യുദ്ധം തുടങ്ങീ......

ഇരുട്ടിന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചൂ..

അറിവിന്‍ പരിചയാല്‍ അവര്‍ തടുത്തൂ.

അന്ധതയുടെ,തൊപ്പിയിട്ട പടയാളികള്‍

വീണ്ടും പുത്തനടവുമായ് വന്നു.

പച്ചക്കു വെട്ടീയരിഞ്ഞൂ...ജ്ഞാന ഖഡ്ഗത്തിനാല്‍.!!

മുഴക്കീ ജയാരവം,സ്നേഹം ജയിച്ചെടോ..

ജ്ഞാനം ജയിച്ചെടോ....അന്ധത തോറ്റെടോ..!!

ചക്രം തിരിഞ്ഞു.

വീണ്ടും തിരിഞ്ഞു.

എഴുന്നൂറും എണ്പതും

ഏഴും തിരിഞ്ഞു .

പക്ഷെ.....

നവഭാരതം ആശുപത്രിയില്‍,

എഴുന്നൂറ്റി എണ്‍പത്തി ആറാം വാര്‍ഡില്‍

ഇരുട്ടിന്റെ മരണം രേഖപ്പെടുത്തിയിരുന്നൂ.

ചക്രം തിരിഞ്ഞു.

വീണ്ടും തിരിഞ്ഞു.

.........തരികിട............


[ഈയിടെ ഒരു ചെണ്ടമേളം കേട്ടപ്പോള്‍ വെറുതെ തോന്നിയത്..ചെണ്ടമേളത്തിന്റെ അതേ ഈണത്തില്‍ ഇങ്ങനെ ഒപ്പിക്കല്‍ ഒരു രസമാണ്.ഇത് കവിതയോ,ഗാനമോ,ഗദ്യമോ,വിപ്ലവമോ ,രാഷ്ട്രീയമോ ഒന്നും ആയിക്കൊള്ളണം എന്നില്ല...വെറും തമാശ,നേരംപോക്ക്..അത്രമാത്രം.!!]

.
.
എന്തട തരികിട

എന്തട തരികിട

എന്തട തരികിട

തരികിട തരികിട

എന്തട എന്തട എന്തട

തരികിട തരികിട തരികിട

എന്തന്താടാ തരികിട

തരികിട

എന്തന്താടാ എന്തന്താടാ

എന്തന്താടാ തരികിട തരികിട.





കുന്തം......എവിടെപ്പോയ്,

പോയിത്തപ്പട കുടത്തിലും കലത്തിലും.

കുടത്തിലും കലത്തിലും കുടത്തിലും കലത്തിലും

പോയിത്തപ്പട പോയിത്തപ്പട പോയിത്തപ്പട

കുടത്തിലും കലത്തിലും..തപ്പട തപ്പട.

തപ്പട തപ്പട.തപ്പട തപ്പട.






എ..........ന്തട ത രി കി ട.

എന്തുന്നാടാ ത രി കി ട.

ചാടട ഓടട..ഓടട ചാടട

തരികിട നിര്‍ത്തട,

തരികിട നിര്‍ത്തട,

നിര്‍ത്തട തരികിട

തരികിട തരികിട....
.....................
..........

ദൈവം ഉണ്ടോ?(3 മിനി കഥകള്‍ )

(1)ദൈവം ഉണ്ടോ?

"ചേട്ടാ, ശരിക്കും ഈ ദൈവം ഉണ്ടോ?"

"അറിയില്ല"

"ആട്ടെ,അറിയാന്‍ വല്ല മാര്‍ഗ്വോം ണ്ടോ?"

"ആ,പിന്നില്ലാതെ."

"എന്താ...?"

"ദൈവത്തിനോട് ചോദിക്കണം."

****************************************
***********
(2)പരിസ്ഥിതി സംരക്ഷണം.

നേതാവ് :"നമ്മുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ ഒരു

ഓഫീസ് ആവശ്യമുണ്ട്."

അനുയായി :ഏതെങ്കിലും ഒരു മുറി വാടകക്കെടുത്താല്‍ പോരെ?"

നേതാവ് :"എങ്കില്‍ നമുക്ക് ആ കുന്നുമാന്തിയ സ്ഥലത്തെ പുതിയ കെട്ടിടത്തില്‍

അന്വേഷിച്ച്ചാലോ?അവിറെയാകുമ്പോ ഇപ്പം വാടക കുറവുണ്ട്."
====================================

(3)ആത്മാവുള്ള കവിത..!!


"ഹും...ഇതിനെയൊക്കെ കവിത എന്ന് പറയാനൊക്കുമോ...ആത്മാവില്ലാത്ത കൊറേ വരികള്‍."

"ശരിയായ കവിത കാണാന്‍ നാം എവിടെ പോകണം മാഷേ..?"

"എന്റെ വീട്ടിലേക്കു വരൂ..അവിടെ നിറയെ വിറ്റുപോകാത്ത എന്റെ കവിതാ പുസ്തകങ്ങള്‍ ആണ്.....'ചവറ്റു

കൊട്ടയില്‍' വരെ ".

എന്നില്‍ ഞാനായ് തെളിയണേ.


ജയ ജഗന്നാഥ,ജയ ജയ നാഥ

എന്നുടെ നാഥാ കൈതൊഴാം.

കാത്തുകൊള്ളേണേ കാണിച്ചീടെണേ

സത്യത്തിന്‍ വഴി നേര്‍വഴി.

എന്നുടെ രൂപം ഞാനായ് കാണുന്ന

കണ്ണാടീ പോലെയെന്നുമേ

എന്നുള്ളില്‍ സദാ ഞാനായ് നില്‍ക്കണേ

ആനന്ദ നാഥാ കൈതൊഴാം.

ജയ ജഗന്നാഥ,ജയ ജയ നാഥ

എന്നുടെ നാഥാ കൈതൊഴാം.

എന്നുമെന്നാത്മ ശക്തിയായ്

മമ മന്ത്രമായ് നീ വിളങ്ങണേ.

സത്യശക്തിയായ് നിത്യസത്തയായ്

ഭക്തി ദീപം ജ്വലിക്കണേ.

ജയ ജഗന്നാഥ,ജയ ജയ നാഥ

എന്നുടെ നാഥാ കൈതൊഴാം.

എന്നുള്ളില്‍ സദാ ഞാനായ് നില്‍ക്കണേ

ആനന്ദ നാഥാ കൈതൊഴാം.

ജയ ജഗന്നാഥ,ജയ ജയ നാഥ

എന്നുടെ നാഥാ കൈതൊഴാം.

വേട്ടൈക്കാരന്‍!!


കയ്യറപ്പില്ലാതെ പടപടപ്പടറാതെ

ചന്കിലും അംഗ സംഘത്തിലും

ഒരു തുള്ളി നോവാതെ,പതറാതെ

ഊക്കിലും വീക്കിലും ആഞ്ഞാഞ്ഞു

വീണൊരെന്‍ വെണ്മഴു കൊണ്ടു നിന്‍

മേനിയിന്നമ്മ തന്‍ മടിയില്‍ പിടയവേ

നീ തന്ന കുളിരിനും,നീ തന്ന പൂവിനും,

നീ തന്ന തേന്‍പഴ സദ്യകള്‍ക്കൊന്നിനും

നീ തന്നോരേകാന്ത ധ്യാന മിടത്തിനും

നന്ദിയെന്നുള്ളോരുഭംഗിവാക്കെങ്കിലും

ചൊല്ലാന്‍ മറന്നൊരു ക്രൂരനായ് പോയി ഞാന്‍ .


എന്നുടെമാത്രമാം സ്വപ്ന കൊട്ടാരത്തി

ലെല്ലാ ചമയവും നന്നായ് ചമക്കുവാന്‍

ഓടിച്ചു ഞാനിന്നാട്ടിയിറക്കിയാ

കൂട്ടരെ ഒക്കെയും കൂട്ടമായ്‌.

പാറിപ്പറന്നു പോയ്‌ കൊറ്റിയും കാക്കയും

ആകെ പറിഞ്ഞു' പോയ്‌ ഇത്തിളും കണ്ണിയും.!

ഞങ്ങള്‍ക്ക് നല്ല നഗരം പണിയുവാന്‍

കോമള മാളികയെല്ലാം പണിയുവാന്‍

കുടിയിറക്കപ്പെടും പീഡിത വര്‍ഗമേ

ചോദിച്ചിടട്ടെ ഞാന്‍,നിങ്ങളിലെന്നിനി

ളാഹ ഗോപാലനും സി.കെ. ജാനുവും,

മമതയും മേധയും എല്ലാം പിറന്നിടും??

അതോ,

ഞങ്ങള്‍ തന്‍ ആക്രാന്തമെല്ലാം

സഹിച്ചൊരു പരിഹാസ രോമാഞ്ച

പുഞ്ചിരി തൂകലോ ചൊല്ലുവിന്‍.

ഞങ്ങള്‍തന്‍ ആസന്ന മൃത്യുവെ പറ്റി

യിന്നാരോ രഹസ്യമായ് ചൊന്നുവോ കൂട്ടരെ.

.........................ജനിമൃതി......................


ഇന്നലെ കണ്ടോരു സൂര്യന്‍,ഇന്നുമെന്നുടെ തോഴനായ്‌ വന്നൂ

കണ്ടു,പിന്നെയും കണ്ടൂ,കണ്ടു കണ്ടങ്ങു നോക്കീയിരുന്നൂ..

നേരമിരുട്ടിയ നേരം,ഇനി നാളെ വരാമെന്നു ചൊന്നൂ.

നാളേ വരാനായി എന്തേ,ഇന്നു പോകുന്നുവെന്നു ഞാന്‍ ചൊന്നൂ.

ഇന്നു ഞാന്‍ പോയില്ലയെങ്കില്‍,ഇല്ല തോഴ നീ നാളെ കാണില്ലാ.

പൂവുകള്‍ മാത്രം.!!

തോഴാ,നീ തന്ന പനിനീര്‍ മലരുകള്‍

സൗഹൃദസ്നേഹാമൃതസുഗന്ധപ്പൂദളങ്ങള്‍;

നീ ചൊല്ലും മൃദു ഭാഷണങ്ങളില്‍;

നിന്‍ കുറിപ്പിന്‍ കുറു വരികള്‍ക്കിടയില്‍;

ആദ്യത്തെ വാക്കിനും അന്ത്യത്തെ വാക്കിനും

ഇടയിലൊരുനിശ്ശബ്ദ മാശ്ചര്യചിഹ്നമായ്;

എന്നുടെയാദര്ശമവതാര ലക്‌ഷ്യം

ഹനിക്കാന്‍,നിരന്തരമില്ലാതെയാക്കാന്‍

കുസൃതിയായ് വിഷമുള്‍ളോളിച്ചിരിക്കുന്നുവോ?.

.
ശങ്കയില്ലാതൊരു പുഞ്ചിരിയോടെ ഞാന്‍

സ്വീകരിച്ച്ചീടുന്നുദളസഞ്ചയങ്ങള്‍.

മുള്ളുകൊള്ളാതെ ഞാനാവോളം നോക്കിടാം

മുള്ളിനെ മറ്റൊരു പൂവായി മാറ്റിടാം.

കാരണം,നീയെന്ടെ ജീവിതപ്പൂവേടോ..

ആനന്ദ സൗഹൃദ സൗഹാര്ദ രാഷ്ട്രം

കിനാവിന്റെയറ്റത്തെയുത്തമാദര്‍ശം.

സൗഹൃദം എന്നുടെ രാഷ്ട്രീയമാണെടോ..

സൗഹൃദം എന്നുടെ ആദര്‍ശമാണെടോ..

മുള്ളുകള്‍ ഇല്ലിനി പൂവുകള്‍ മാത്രം

പൂവുകള്‍,പൂവുകള്‍,പൂവുകള്‍ മാത്രം.

സ്നേഹസുഗന്ധത്തിന്‍ സൌഹൃദത്തേന്‍തരും

പൂവുകള്‍,പൂവുകള്‍,പൂവുകള്‍ മാത്രം.

***********************************************

ജ്വലിതം


ജ്വാലയായ് പ്രഭചൊരിഞ്ഞിടാം

ചാരമായ് എരിഞ്ഞടങ്ങുംപോളും.

തമസ്സില്‍ വഴി തെറ്റാതെ മാനവര്‍

നേര്‍വഴിക്കു നടന്നു നീങ്ങട്ടെ..

അവരില്‍..

ധ്യേയ മാര്‍ഗത്തിന്‍ ദീപം കൊളുത്തുവാന്‍

ജ്വാലയായ് പ്രഭചൊരിഞ്ഞിടാം.